ശീതകാല സമ്മേളനം ഇന്ന് തീരും, പാർലമെന്റിൽ ബഹളം; വീണ്ടും സസ്‌പെൻഷൻ

Monday 07 January 2019 7:41 PM IST

parliament

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ സമ്മേളനത്തിന് ഒരു ദിവസം ബാക്കിയിരിക്കെ ഇന്നലെ ഇരു സഭകളിലും പ്രതിപക്ഷ ബഹളത്തിൽ നടപടികൾ തടസപ്പെട്ടു. നടുത്തളത്തിൽ ഇറങ്ങി ബഹളം വച്ചതിന് നാല് എംപിമാരെ സ്‌പീക്കർ സുമിത്രാ മഹാജൻ സസ്‌പെൻഡ് ചെയ്‌തു.

കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാർ ശബരിമല വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്‌പീക്കർ അനുമതി നിഷേധിച്ചു. ബഹളത്തിനിടയിലും ലോക്‌സഭയിൽ മൂന്നു ബില്ലുകൾ പാസായി. അതേസമയം രാജ്യസഭയിൽ മുത്തലാഖ്, ഹോമിയോപ്പതി ബില്ലുകൾ ചർച്ച ചെയ്യാനായില്ല.

റാഫേൽ വിഷയം ഉയർത്തി കോൺഗ്രസും മുൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ സി.ബി.ഐ കേസെടുത്തത് ചോദ്യംചെയ്‌ത് സമാജ്‌വാദി അംഗങ്ങളും ഇരു സഭകളിലും ഇന്നലെ പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് ലോക്‌സഭ പലതവണ നിറുത്തിവച്ചു.

ചോദ്യോത്തര വേള തടസപ്പെട്ടതിനെ തുടർന്നാണ് എ.ഐ.എ.ഡി.എം.കെ അംഗങ്ങളായ പി. വേണുഗോപാൽ, കെ. എൻ. രാമചന്ദ്രൻ, കെ. ഗോപാൽ, ടി.ഡി.പി എം.പി എൻ. ശിവപ്രസാദ് എന്നിവരെ രണ്ടു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA