50 ശതമാനം വിവിപാറ്റ് എണ്ണൽ: തിര. കമ്മിഷന്റെ മറുപടി തേടി

Friday 15 March 2019 11:26 PM IST
karnataka-election

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുൻപ് 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളെങ്കിലും എണ്ണണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി തേടി. മാർച്ച് 25ന് മറുപടി നൽകണമെന്നും കോടതിയെ സഹായിക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ കമ്മിഷൻ ചുമതലപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രം എണ്ണാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. ഇത് ആകെ പോൾചെയ്യുന്ന വോട്ടിന്റെ 0.44 ശതമാനം മാത്രമാണെന്നും ഇത് തിരഞ്ഞെടുപ്പ് വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടിയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. എൻ.ചന്ദ്രബാബു നായിഡു (ടി.ഡി.പി), ശരദ് പവാർ (എൻ.സി.പി), കെ.സി വേണുഗോപാൽ ( കോൺഗ്രസ്), ഡെറിക് ഒബ്രിയാൻ ( തൃണമൂൽ), ശരദ് യാദവ് ( ലോക്‌താന്ത്രിക് ജനതാദൾ), അഖിലേഷ് യാദവ് ( എസ്.പി), സതീഷ് ചന്ദ്ര മിശ്ര (ബി.എസ്.പി), എം.കെ സ്റ്റാലിൻ( ഡി.എം.കെ), ടി.കെ രംഗരാജൻ (സി.പി.എം), എസ്. സുധാകർ റെഡ്ഡി( സി.പി.ഐ), മനോജ്കുമാർ ഝാ ( ആർ.ജെ.ഡി), അരവിന്ദ് കേജ്‌രിവാൾ ( എ.എ.പി), ഫാറുഖ് അബ്ദുള്ള (നാഷണൽ കോൺഫ്രൻസ്),കെ.ഡാനിഷ് അലി (ജെ.ഡി.എസ്), അജിത്ത് സിംഗ് (ആർ.എൽ.ഡി), എം.ബദ്റുദ്ദീൻ അജ്മൽ (എ.ഐ.യു.ഡി.എഫ്), ജിതിൻറാം മാഞ്ചി (എച്ച്.എ.എം), അശോക്‌കുമാർ സിംഗ് (ജെ.വി.എം), കെ.എ ഒമർ (ഐ.യു.എം.എൽ), പ്രൊഫ. കോദണ്ഡരാമൻ ( തെലുങ്കാന ജനസമിതി) കെ.ജി കെനിയ ( നാഗാപീപ്പിൾസ് ഫ്രൻഡ്) എന്നിവരാണ് ഹർജി നൽകിയത്. ശരദ്പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നുവെന്ന ആരോപണങ്ങളുയർന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നെങ്കിലും ആരോപണങ്ങളെല്ലാം തള്ളിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA