അഗസ്റ്റ വെസ്റ്റ്‌‌ലാന്റ് : ഒരു കുടുംബത്തിന് 22,000 യൂറോ നൽകിയതായി കോടതി രേഖകൾ

Friday 07 December 2018 11:49 AM IST
copter

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിന് 22.000 യൂറോ നൽകിയതായി ഇറ്റലിയില മിലാൻ കോടതി വിധിയിൽ പറയുന്നു. 11,​000 യൂറോ വീതം രണ്ട് തവണകളായാണ് കുടുംബത്തിന് കൈമാറിയതെന്ന് വിധി പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഇത് ഏത് കുടുംബമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

കോപ്ടർ ഇടപാടിൽ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിനെ സി.ബി.ഐ ചോദ്യം ചെയ്ത് വരികയാണ്. ആരോപണ വിധേയരായ മൂന്ന് പേരിലൊരാളാണ് മിഷേൽ. നഷ്ടപരിഹാരമായിട്ടാണ് കുടുംബത്തിന് ഈ തുക കൈമാറിയതെന്ന് മറ്റൊരു ഇടനിലക്കാരനായ ഗൈഡോ ഹാഷ്കെയ്ക് മിഷേൽ നൽകിയ കത്തിൽ പറയുന്നതായി കോടതി രേഖയിൽ സൂചിപ്പിക്കുന്നുണ്ട്.

കേസിൽ ആരോപണ വിധേയനായ മുൻ വ്യോമസേന മേധാവി എസ്.പി ത്യാഗിയും അദ്ദേഹത്തിന്റെ ബന്ധുക്കളെയുമാകാം 'കുടുംബം' എന്ന് സൂചിപ്പിച്ചതെന്നും പ്രോസിക്യൂഷൻ വൃത്തങ്ങൾ പറയുന്നു. കോപ്ടർ ഇടപാടിൽ അഴിമതി നടത്തിയത് ഗാന്ധി കുടുംബമാണന്നാണ് ബി.ജെ.പിയുടെ ആരോപണം. മിലാൻ കോടതി വിധി പ്രകാരം 'fam' എന്നത് കുടുംബവും 'bur' എന്നത് ഉദ്യോഗസ്ഥരേയുമാണ് അർത്ഥമാക്കുന്നതെന്ന് ഹഷ്കെ പറയുന്നു. സാമ്പത്തിക ഇടപാട് നടന്നതിന് മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിനെയാണ് 'AP' എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്നും 'fam' എന്നത് ഗാന്ധി കുടുംബമാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. രാജസ്ഥാൻ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് കോൺഗ്രസിനെതിരെയുള്ള ആയുധമായി ഉപയോഗിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA