സി. ബി. ഐ മുൻ ഡയറക്ടർ അലോക് വർമ്മ രാജിവച്ചു

Friday 11 January 2019 10:31 PM IST

alok-varma-
അലോക് വർമ്മ

ന്യൂഡൽഹി:സി. ബി. ഐ ഡയറക്‌ടർ സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ സമിതി പുറത്താക്കിയ അലോക് വർമ്മ പുതിയ പദവി ഏറ്റെടുക്കാതെ ഇന്നലെ സർവീസിൽ നിന്ന് രാജിവച്ചു. വ്യാഴാഴ്ച സി. ബി. ഐയിൽ നിന്ന് മാറ്റിയ അദ്ദേഹത്തെ ഫയർ സർവീസ് ഡയറക്ടർ ജനറലായി നിയമിച്ചിരുന്നു.

തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചതായും ഡയറക്‌ടർ പദവിയിൽ നിന്ന് നീക്കാൻ നടപടിക്രമങ്ങൾ അട്ടിമറിച്ചതായും പേഴ്സണൽ മന്ത്രാലയം സെക്രട്ടറിക്ക് അയച്ച രാജിക്കത്തിൽ അലോക് വർമ്മ പറഞ്ഞു.

ഇടക്കാല ഡയറക്‌ടർ ആയ എം. നാഗേശ്വര റാവു കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അലോക് വർമ്മ നടത്തിയ സ്ഥലമാറ്റ ഉത്തരവുകൾ റദ്ദാക്കി.

2017 ജൂലായ് 31ന് സർവീസിൽ നിന്ന് വിരമിക്കേണ്ടതായിരുന്നുവെന്ന് രാജിക്കത്തിൽ അലോക് വർണ ചൂണ്ടിക്കാട്ടി. സി. ബി. ഐ ഡയറക്‌ടറുടെ പദവി രണ്ട് വർഷത്തെ കാലാവധിയുള്ളതായതിനാൽ 2019 ജനുവരി 31 വരെ തുടരേണ്ടതായിരുന്നു. ഇപ്പോൾ സി. ബി. ഐ ഡയറക്ടറല്ല. ഫയർ സർവീസ് ഡയറക്ടർ ജനറലാകാനുള്ള പ്രായവും കഴിഞ്ഞു. അതിനാൽ ഇന്നുമുതൽ തന്നെ സർവീസിൽ നിന്ന് വിടുതൽ ചെയ്യണമെന്ന് രാജിക്കത്തിൽ പറഞ്ഞു.

സി. ബി.ഐ ഡയറക്ടർ പദവിയിൽ ഈ മാസം 31ന് രണ്ട് വർഷം പൂർത്തിയാക്കി വിരമിക്കാനിരിക്കെയാണ് ഒക്‌ടോബർ 23ന് പാതിരാത്രി കേന്ദ്രം വർമ്മയെ പുറത്താക്കിയത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം തിരിച്ചെത്തിയ വർമ്മ തന്റെ പകരക്കാരനായി നിയമിതനായ എം. നാഗേശ്വര റാവുവിന്റെ ഉത്തരവുകൾ തിരുത്തിയിരുന്നു. അസ്‌താനയ്‌ക്കതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പുതിയ ഓഫീസറെയും അദ്ദേഹം നിയമിച്ചു. അലോക് വർമ്മ വീണ്ടും പുറത്തായതോടെ വീണ്ടും ഇടക്കാല ഡയറക്‌ടറായ നാഗേശ്വര റാവു ഇന്നലെ വർമ്മയുടെ ഉത്തരവുകളെല്ലാം റദ്ദാക്കി. അതേസമയം, നാഗേശ്വര റാവുവിനെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ അറിയിച്ചു.

വിശദീകരണത്തിന് അവസരം തന്നില്ല

സി. വി. സി റിപ്പോർട്ടിൽ തനിക്കെതിരായുള്ള കാര്യങ്ങളെ പറ്റി വിശദീകരണം നൽകാനുള്ള അവസരം നൽകിയില്ലെന്ന് അലോക് വർമ്മ രാജിക്കത്തിൽ പറഞ്ഞു. ഇപ്പോൾ സി. ബി. ഐ അന്വേഷണത്തിന് വിധേയനായ ഒരാളുടെ പരാതിയിലെ ആരോപണങ്ങളാണ് സി. വി. സി. റിപ്പോർട്ടിന് ആധാരം. ആ വസ്‌തുത സെലക്‌ഷൻ കമ്മിറ്റി കണക്കിലെടുത്തില്ല. പരാതിക്കാരൻ ഒപ്പിട്ട പ്രസ്‌താവന സി. വി. സിക്ക് അയച്ചു കൊടുക്കുകയായിരുന്നു. പരാതിക്കാരൻ ഒരിക്കലും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച റിട്ട. ജസ്റ്റിസ് എ. കെ പട്നായിക്കിന്റെ മുന്നിൽ ഹാജരായില്ല.റിപ്പോർട്ടിലെ നിഗമനങ്ങൾ തന്റേതല്ലെന്ന് ജസ്റ്റിസ് പട്നായിക്ക് വ്യക്തമാക്കിയിട്ടുമുണ്ട്. സർക്കാർ നിയമിക്കുന്ന സി. വി. സിയെ ഉപയോഗിച്ച് സി. ബി. ഐയെ സർക്കാർ കൈകാര്യം ചെയ്യുന്നതിന്റെ തെളിവാണിത്. കൂട്ടായ ഒരു ആത്മ പരിശോധന നടത്തേണ്ട സമയമാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA