അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതിയില്ല; കൊൽക്കത്ത

Thursday 06 December 2018 10:49 PM IST

amith-shaw

കൊൽക്കത്ത: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ‌ അമിത് ഷാ, പശ്ചിമബംഗാളിലെ കൂച്ച് ബെഹറിൽ നിന്ന് ഇന്ന് ആരംഭിക്കാനിരുന്ന രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. പരിപാടിയിൽ വർഗീയ സംഘർഷങ്ങൾക്കു സാദ്ധ്യതയുണ്ടെന്നു സർക്കാർ അഡ്വക്കേറ്റ് ജനറൽ കൊൽക്കത്ത ഹൈക്കോടതിയെ ബോധിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം.

അമിത് ഷായുടെ നേതൃത്വത്തിൽ മൂന്ന് രഥയാത്രകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'ജനാധിപത്യ സംരക്ഷണ" റാലി നടത്താനായിരുന്നു പാർട്ടി തീരുമാനം. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. ബി.ജെ.പി അനുബന്ധ സത്യവാങ്മൂലം നൽകുന്നതിനെ എ.ജി കോടതിയിൽ എതിർത്തു. റാലിക്ക് അനുമതി നിഷേധിക്കുന്ന കാര്യങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാമെന്ന് സർക്കാർ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

രഥ യാത്രയ്ക്ക് കൂച്ച് ബഹാർ പൊലീസും അനുമതി നൽകിയിട്ടില്ല. റാലി ജില്ലയിൽ വർഗീയ പ്രശ്നങ്ങൾക്കു വഴിയൊരുക്കിയേക്കും. പ്രശ്ന ബാധിതമേഖലയായ കൂച്ച് ബഹാറിൽ പരിപാടിക്കായി പുറമെ നിന്നുള്ള ബി.ജെ.പി നേതാക്കൾ എത്തുമ്പോൾ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും എസ്‌.പി കിഷോർ ദത്ത നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

ലോക്‌സഭാ തിര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന രഥയാത്ര 42 മണ്ഡലങ്ങളിലൂടെയാണു യാത്ര കടന്നുപോകേണ്ടിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA