രാജസ്ഥാനിൽ കോൺഗ്രസ്,​ ഛത്തീസ്ഗഢിൽ ബി.ജെ.പി, മദ്ധ്യപ്രദേശിൽ ഒപ്പത്തിനൊപ്പം ; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

Friday 07 December 2018 6:42 PM IST

election

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അ‌ഞ്ച് സംസ്ഥാനങ്ങളിൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മദ്ധ്യപ്രദേശിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടി‌ഞ്ച് പോരാട്ടമെന്നാണ് പ്രവചനം. ഛത്തീസ്ഗഢിൽ ഇക്കുറിയും ബി.ജെ.പി തന്നെ ഭരിക്കുമെന്നാണ് സർവേഫലങ്ങൾ നൽകുന്ന സൂചന. അതേസമയം തെലുങ്കാനയിൽ ടി.ആർ.എസ് വീണ്ടും അധികാരത്തിൽ എത്തുമെന്നുമാണ് പ്രവചനം.

മദ്ധ്യപ്രദേശ്

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്നാണ് സർവേഫലങ്ങൾ. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം മദ്ധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. ഇതനുസരിച്ച് കോൺഗ്രസിന് 104 മുതൽ 122 സീറ്റുകൾ വരെ സർവേ പ്രവചിക്കുന്നു. ബി.ജെ.പി 102 മുതൽ 120 സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർ 4 മുതൽ 11 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. മദ്ധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.

എന്നാൽ ടൈംസ് നൗ സി.എൻ.എക്സ് സർവേ ഫലപ്രകാരം മദ്ധ്യപ്രദേശിൽ ബി.ജെ.പിക്ക് വ്യക്തമായ മുൻതൂക്കം ഉണ്ട്. ബി.ജെ.പി 126 സീറ്റുകൾ നേടുമ്പോൾ കോൺഗ്രസിന് 89 സീറ്റുകൾ മാത്രമാണ് ലഭിക്കുക മറ്റുള്ളവർ 15 സീറ്റുകൾ നേടുമെന്നും ടൈംസ് നൗ സി.എൻ.എക്സ് സർവേ ഫലം പറയുന്നു.

രാജസ്ഥാൻ

രാജസ്ഥാനിൽ 105 സീറ്റുമായി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബി.ജെ.പി 85 സീറ്റിൽ ഒതുങ്ങുമെന്നാണ് ടൈംസ് നൗ പ്രവചനം. ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ സർവേ പ്രകാരം കോൺഗ്രസ് 119 മുതൽ 141, ബി.ജെ.പി 55 മുതൽ 72 വരെ സീറ്റുകളും നേടും.

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലങ്ങൾ‌.

തെലങ്കാന

തെലങ്കാനയിൽ 119 സീറ്റുകളിൽ 66 ഇടത്ത് ടി.ആർ.എസെന്ന് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലം. കോൺഗ്രസ്–ടി.ഡി.പി – സി.പി.ഐ–ടി.ജെ.പി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവർ ഒൻപത് സീറ്റ് നേടുമെന്നുമാണ് പ്രവചനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA