വിമാന യാത്രയ്‌ക്ക് 12 കോടി

Thursday 06 December 2018 10:51 PM IST

michel

ന്യൂഡൽഹി:ഹെലികോപ്‌ടർ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ ക്രിസ്‌റ്റ്യൻ മിഷേൽ ഇന്ത്യയിലും വിദേശത്തുമായി വിമാനയാത്ര നടത്തിയതിന് 12 കോടി രൂപ ചെലവാക്കിയതിന്റെ തെളിവുകൾ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് ലഭിച്ചു.കോഴപ്പണം ഉപയോഗിച്ച് ഡൽഹിയിലും പരിസരത്തും ഭൂമിയും മറ്റു സ്വത്തുക്കളും വാങ്ങിയതിനും തെളിവുണ്ട്.

2007 ഏപ്രിലിനും 2013 മാർച്ചിനും ഇടയിൽ വിമാനയാത്രകൾക്കായി 10.84 കോടി രൂപയാണ് ദുബായിലെ മിഷേലിന്റെ സ്ഥാപനമായ ഗ്ളോബൽ സർവീസസിൽ നിന്ന് ഡൽഹിയിലെ ട്രാവൽ ഏജന്റിന് ലഭിച്ചത്. മിഷേലിന്റെ നിർദ്ദേശ പ്രകാരം ട്രാവൽ ഏജന്റ് രൂപീകരിച്ച മീഡിയ എക്‌സിം എന്ന കടലാസ് കമ്പനി വഴി 1.66കോടി രൂപയും കൈമാറി. ഗ്ളോബൽ സർവീസസ് പലപ്പോഴായി 6.3 കോടി രൂപ മീഡിയ എക്‌സിം കമ്പനിക്ക് നൽകിയിട്ടുണ്ട്. ട്രാവൽ ഏജന്റിന്റെ സഹായത്തോടെ ഡൽഹിയിലും ഗുഡ്‌ഗാവിലും ഭൂമിയും 5.6 കോടിയുടെ ആഭരണങ്ങളും ആഡംബര കാറുകളും വാങ്ങിയ ശേഷം അതു വിറ്റ പണം ഗ്ളോബൽ സർവീസസിന്റെ അക്കൗണ്ടിൽ തിരികെ നിക്ഷേപിച്ചു.

ഡൽഹിയിൽ ആഡംബര ഹോട്ടലുകളിൽ തങ്ങിയതിന്റെ വിവരങ്ങളും കേസിൽ പ്രതിചേർക്കപ്പെട്ട മുൻ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയുടെ ബന്ധു സഞ്ജീവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA