ഡൽഹിയിൽ ഹോട്ടലിനു തീപിടിച്ച് 17 മരണം, മരിച്ചവരിൽ മലയാളികളായ അമ്മയും 2 മക്കളും

സ്വന്തംലേഖകൻ | Wednesday 13 February 2019 12:00 AM IST

delhi-fire

ന്യൂഡൽഹി: ഡൽഹി കരോൾബാഗിൽ ഹോട്ടലിനു തീപിടിച്ച് എറണാകുളം സ്വദേശികളായ അമ്മയും രണ്ടു മക്കളും ഉൾപ്പെടെ 17 പേർ വെന്തുമരിച്ചു. 35 പേർക്ക് പരിക്കേറ്റു.

ചേരാനല്ലൂർ പനേലിൽ നളിനി അമ്മ (84), മക്കളായ പി.സി. വിദ്യാസാഗർ (59), പി.സി. ജയശ്രീ (53) എന്നിവരാണ് മരണമടഞ്ഞ മലയാളികൾ. മൃതദേഹങ്ങൾ ഇന്നു രാവിലെ ഏഴിന് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിച്ച് ചേരാനല്ലൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.

ഗാസിയാബാദിൽ,​ നളിനി അമ്മയുടെ സഹോദരി ഉമയുടെ ചെറുമകൾ പല്ലവിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ ഉൾപ്പെടെ 13 പേരടങ്ങുന്ന സംഘം ഡൽഹിയിലെത്തിയത്. മറ്റ് പത്തു പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടസ്ഥലത്തെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ജുഡിഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

വാണിജ്യകേന്ദ്രമായ കരോൾബാഗിലെ ഹോട്ടൽ അർപിത് പാലസിന്റെ രണ്ടാം നിലയിൽ ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മുകളിലേക്കു പടർന്ന തീ മറ്റു നിലകളെയും വിഴുങ്ങുകയായിരുന്നു. അഗ്നിബാധയിൽ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളെയും മ്യാൻമറിൽ നിന്നുള്ള രണ്ട് വിനോദ സഞ്ചാരികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിന് ഇരയായ മറ്റൊരാൾ ജൻഡേവാലയിലെ ഇൻകംടാക്‌സ് അസിസ്റ്റന്റ് കമ്മിഷണർ ചണ്ഡീഗഢ് സ്വദേശി സുരേഷ്‌കുമാറാണ്.

കരോൾബാഗ് മെട്രോ സ്റ്റേഷനരികെ, ഗുരുദ്വാര റോഡിലാണ് തീപിടിത്തമുണ്ടായ ഹോട്ടൽ. നാല്പതിലധികം മുറികളുള്ള ഹോട്ടലിൽ അപകടസമയത്ത് 150-ഓളം പേരുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. 24 ഫയർഫോഴ്സ് യൂണിറ്റുകളെത്തി, രാവിലെ ഏഴോടെയാണ് തീയണച്ചത്. പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടിയുമാണ് മിക്കവരും മരിച്ചത്.

നളിനി അമ്മയും മക്കളും പങ്കെടുത്ത വിവാഹം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. തിങ്കളാഴ്ച താജ്‌മഹൽ സന്ദർശിച്ച് ഹോട്ടലിലെത്തിയ സംഘം ഇന്നലെ മറ്റു സ്ഥലങ്ങൾ കാണാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി അതിരാവിലെ എഴുന്നേറ്റ് ഒരുക്കങ്ങൾ നടത്തുന്നതിനിടയിലായിരുന്നു അപകടം. നളിനി അമ്മയുടെ ഭർത്താവ് ചന്ദ്രശേഖര പിള്ള നേരത്തേ മരിച്ചു. തീപിടിത്തത്തിൽ മരിച്ച മകൻ വിദ്യാസാഗർ വിദേശത്തെ ജോലി മതിയാക്കി ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്.

മരണമടഞ്ഞ സഹോദരി ജയശ്രീ എരുവേലി എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റായും കണയന്നൂർ താലൂക്ക് എൻ.എസ്.എസ് വനിതാസമാജം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന ഭർത്താവ് ഉണ്ണിക്കൃഷ്ണൻ ഇന്നലെ വൈകിട്ട് വീട്ടിലെത്തി. ദുരന്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA