ഗോവ ബി.ജെ.പിയിൽ കലാപക്കൊടി; അദ്ധ്യക്ഷന്റെ രാജിക്കായി പർസേക്കർ

Saturday 10 November 2018 12:54 AM IST

parsekar

മഡ്ഗാവ്:മുഖ്യമന്ത്രി മനോഹർ പരീക്കറുടെ അനാരോഗ്യം ബി. ജെ. പിയെ വലയ്‌ക്കുന്നതിനിടെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വിനയ് തെണ്ടുൽക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ലക്ഷ്‌മികാന്ത് പർസേക്കർ പരസ്യമായി രംഗത്തെത്തി. 'സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത കാര്യപ്രാപ്തി ഇല്ലാത്ത അദ്ധ്യക്ഷൻ രാജിവയ്ക്കണം. അല്ലെങ്കിൽ കേന്ദ്ര നേതൃത്വം അദ്ദേഹത്തെ നീക്കണം. പാർട്ടി സംവിധാനം അഴിച്ചുപണിയണം'.

മുൻ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് പർസേക്കർ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചത്.

അനാരോഗ്യം പറഞ്ഞ് തന്നെ ഒഴിവാക്കിയതിൽ ഗോവ ബി.ജെ.പിയിലെ ന്യൂനപക്ഷ മുഖമായിരുന്ന ഡിസൂസ നേതൃത്വത്തോട് നീരസത്തിലാണ്. സർക്കാരിനെതിരെ കോൺഗ്രസ് നീങ്ങുന്നതിനിടെ രണ്ട് കോൺഗ്രസ് എം.എൽ.എമാരെ വിശ്വജിത് റാണെയുടെ നേതൃത്വത്തിൽ രാജിവയ്പിച്ച് ബി.ജെ.പി പാളയത്തിലെത്തിച്ചിരുന്നു. ഇവരിൽ ദയാനന്ദ് സോപ്രയെ മാണ്ഡരിം മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കമാണ് പർസേക്കറുടെ നേതൃത്വത്തിലുള്ളവരുടെ കലാപത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ഗോവ പി.സി.സി പ്രസിഡന്റ് ഗിരീഷ് ചോഡങ്കറുമായി പർസേക്കർ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു. പർസേക്കറെ സ്ഥാനാർത്ഥിയാക്കാമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയതായി റിപ്പോർട്ടുണ്ട്. മത്സരിക്കാൻ തയ്യാറല്ലെങ്കിൽ സോപ്രയെ പരാജയപ്പെടുത്താൻ കോൺഗ്രസ് അദ്ദേഹത്തിന്റെ സഹായം തേടിയതായും സൂചനയുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാണ്ഡരിം സീറ്റിൽ ദയാനന്ദ് സോപ്രയോടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പർസേക്കർ പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നിലപാട് വ്യക്തമാക്കാമെന്നാണ് പർസേക്കർ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA