റാഫേലിൽ അംബാനിക്ക് വിമർശനം, കോടതിയിൽ അതേ അംബാനിക്ക് വേണ്ടി ഹാജരായി കോൺഗ്രസ് നേതാവ്: ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

Tuesday 12 February 2019 5:47 PM IST
kapil-sibal-appeared-for-

ന്യൂഡൽഹി: റാഫേൽ കരാറിൽ വൻ അഴിമതി നടന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനും അനിൽ അംബാനിക്കും എതിരെ ആരോപണങ്ങൾ തുടരുന്നതിനിടയിൽ മുതിർന്ന പാർട്ടി നേതാവ് അനിൽ അംബാനിക്ക് വേണ്ടി കോടതിയിൽ ഹാജരായത് വിചിത്രമായി. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് വേണ്ടി ഹാജരായത്. അംബാനിക്കെതിരെ ടെലകോം കമ്പനിയായ എറിക്‌സൺ നൽകിയ കോടതി അലക്ഷ്യക്കേസിൽ വിധി പറയാനിരിക്കെയാണ് കപിൽ സിബൽ കോടതിയിലെത്തിയത്. ഇതിന് പിന്നാലെ കപിൽ സിബലിനെയും കോൺഗ്രസിനെയും ട്രോളിക്കൊന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.


എന്നാൽ പാർലമെന്റിലും രാഷ്ട്രീയത്തിലും താൻ അംബാനിയെ എതിർക്കുന്നുണ്ടെങ്കിലും അഭിഭാഷക വൃത്തി തന്റെ തൊഴിലാണെന്നും ഇക്കാര്യത്തിലെ പ്രൊഫഷണൽ മര്യാദ പാലിച്ചാണ് താൻ അംബാനിക്ക് വേണ്ടി ഹാജരായതെന്നുമാണ് കപിൽ സിബലിന്റെ പ്രതികരണം. എന്നാൽ കോൺഗ്രസ് പാർട്ടി മുഴുവൻ അംബാനിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആരോപണം ഉന്നയിക്കുന്നതിനിടയിൽ തങ്ങളുടെ മുതിർന്ന നേതാവ് തന്നെ അംബാനിക്ക് വേണ്ടി ഹാജരാകുന്നത് ഔചിത്യക്കുറവാണെന്നാണ് മിക്കവരുടെയും വിമർശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബലിനെതിരെ നിരവധി

ട്രോളുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.


അതേസമയം, റാഫേൽ കരാറുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിക്കെതിരെ ഇന്നും കനത്ത ആരോപണങ്ങളാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ചത്. റാഫേൽ കരാറുമായി ബന്ധപ്പെട്ട വിഷയം കേവലം അഴിമതി മാത്രമല്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നുമാണ് ഇന്ന് രാഹുൽ ആരോപിച്ചത്. മോദിക്കെതിരെ കേസെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA