'മോദിയെക്കൊണ്ട് സാദ്ധ്യമാകും' ബി.ജെ.പിയുടെ മുദ്രാവാക്യം പുറത്ത് വിട്ട് അരുൺ ജെയ്റ്റ്‌ലി

Friday 15 March 2019 10:10 AM IST
modi

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുദ്രാവാക്യം പുറത്തുവിട്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തി. 'മോദിയെക്കൊണ്ട് സാദ്ധ്യമാകും' എന്ന മുദ്രാവാക്യമായിരിക്കും ബി.ജെ.പി ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റി‌ലൂടെയായിരുന്നു അരുൺ ജെയ്റ്റ്‌ലി മുദ്രാവാക്യം പുറത്തുവിട്ടത്.


കഴിഞ്ഞ അഞ്ചുവർഷമായി മോദി തന്റെ പ്രവർത്തികളോടുള്ള ആത്മാർത്ഥതയും ഉത്സാഹവും തെളിയിച്ചതാണ്. മറ്റാർക്കും സാധിക്കാതിരുന്ന പലതും അദ്ദേഹത്തെ കൊണ്ട് സാധിച്ചിട്ടുണ്ട്. വിദേശനയം, സാമ്പത്തിക തുടങ്ങി തന്ത്രപ്രധാന വിഷയങ്ങളിൽ മോദി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. സങ്കീർണമായ വിഷയങ്ങളിൽ പോലും അതിവേഗം തീരുമാനങ്ങൾ കൈക്കൊണ്ടത് പ്രധാനമന്ത്രിയുടെ വ്യക്തതയും നിശ്ചയദാർഢ്യവും കൊണ്ടാണെന്ന് ജെയ്റ്റ്‌ലി ഫേസ്ബുക്കിൽ കുറിച്ചു.

തീരുമാനങ്ങൾ കൈക്കാള്ളുന്ന കാര്യത്തിലും പ്രാവർത്തികമാക്കുന്ന കാര്യത്തിലും രാജ്യത്തിന്റെ കുതിപ്പ് തന്നെയാണ് ബി.ജെ.പിയെ ഇത്തരത്തിലൊരു മുദ്രാവാക്യം ഉപയോഗിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി മോദി സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞായിരുന്നു ജെയ്റ്റ്‌ലിയുടെ പോസ്റ്റ്‌. ലോകസമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ കുതിപ്പ് ദ്രുതഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബി.ജെ.പിയുടെ മുദ്രാവാക്യം പുറത്തു വന്നതോടെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനും,​ പ്രധാനമന്ത്രിയുടെ ഡിഗ്രി സ‌ർട്ടിഫിക്കറ്റുകൾ മറച്ചുവയ്‌ക്കാനും,​ ജനങ്ങളിൽ നിന്ന് സാമ്പത്തിക വിവരങ്ങൾ ഒളിപ്പിക്കാനും മോദിയെ കൊണ്ട് സാദ്ധ്യമാകും. എട്ട് കോടി തൊഴിൽ രഹിതരെ സൃഷ്ടിക്കാനും,​ കർഷകരെ ദുരിതത്തിലാഴ്ത്താനും മോദിയെക്കൊണ്ട് സാദ്ധ്യമാകും എന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം. ഈ കണക്കുകൾ അവസാനിക്കുന്നില്ലെന്നും ഇത് ആർ.എസ്.എസിന്റെ സ്ഥിരം പരിപാടിയാണെന്നും,​ മെയ് 23ന് ബി.ജെ.പിയുടെ മുടന്തൻ നയങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും കോൺഗ്രസ് നേതാവ് പ്രണവ് ജാ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA