കോൺഗ്രസ് അർബൻ നക്സലുകൾക്കൊപ്പം:മോദി

Saturday 10 November 2018 12:45 AM IST

narendra-modi

ജഗ്‌ദൽപുർ:രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന, പാവപ്പെട്ട ആദിവാസികളുടെ ജീവിതം നശിപ്പിക്കുന്ന ‘അർബൻ നക്സലുകളെ' പിന്തുണയ്‌ക്കുന്നവരാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്ഷേപമുന്നയിച്ചു .ഛത്തീസ്ഗഡിലെ ജഗ്‌ദൽപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശീതീകരിച്ച മുറികളിൽ ജീവിക്കുന്നവരാണ് നാഗരിക നക്സലുകൾ. മനസിൽ വിഷം കൊണ്ട് നടക്കുന്നവർ. അവരുടെ മക്കൾ വിദേശത്ത് പഠിക്കുന്നു. അവർ വലിയ കാറുകളിൽ കറങ്ങി നടക്കുന്നു. ആദിവാസിക്കുട്ടികളെ പാട്ടിലാക്കി ഗ്രാമങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഇവരുടെ പണി. സർക്കാർ അവർക്കെതിരെ നടപടിയെടുക്കുമ്പോൾ കോൺഗ്രസ് അവരെ പിന്തുണയ്ക്കുകയാണ്. എന്നിട്ടാണ് കോൺഗ്രസ് ബസ്തറിൽ നക്‌സലിസത്തിന് എതിരെ സംസാരിക്കുന്നത്. തന്റെ സർക്കാർ മാവോയിസ്റ്റ് മേഖലകളിൽ വികസനം നടപ്പാക്കി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സ്വപ്നം കണ്ട ഛത്തീസ്ഗഡ് യാഥാത്ഥ്യമാക്കുന്നതുവരെ വിശ്രമമില്ലെന്നും മോദി പറഞ്ഞു.
ബസ്തർ ഉൾപ്പടെയുള്ള മാവോയിസ്റ്റ് മേഖലകളിൽ അടുത്ത തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും.

മോദി മോദിമാർക്കും മല്യമാർക്കും ഒപ്പം: രാഹുൽ

കാൻകേർ:കർഷകരോടും യുവാക്കളോടുമുള്ള വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ പാവങ്ങളുടെ പണവുമായി ഓടിപ്പോയ വിജയ് മല്യ,​ നീരവ് മോദി,​ ലളിത് മോദി,​ മെഹുൽ ചോക്സി തുടങ്ങിയ തട്ടിപ്പുകാർക്കൊപ്പമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.

ഛത്തീസ്ഗഡിലെ കാൻകേർ ജില്ലയിലെ പഖൻജോർ ടൗണിൽ കോൺഗ്രസ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലാമൂഴം ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ രമൺസിംഗ് സർക്കാരിനെതിരെ ആദിവാസികൾക്കും കർഷകർക്കും ഇടയിലുള്ള എതിർപ്പ് തിരിച്ചറിഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രചാരണം. മോദിയെ പോലെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർത്ത മറ്റൊരു പ്രധാനമന്ത്രി ഇല്ല. നോട്ട് നിരോധകാലത്ത് പാവപ്പെട്ടവർ മാത്രമാണ് തെരുവിൽ വരി നിന്നത്. ഒരു കള്ളപ്പണക്കാരനെയും അവിടെ കണ്ടില്ല. നീരവ് മോദിയും വിജയ് മല്യയും ലളിത് മോദിയുമൊക്കെ നിങ്ങളുടെ പണവുമായി രാജ്യത്ത് നിന്ന് കടക്കുമ്പോഴും ഇവിടുത്തെ പാവപ്പെട്ടവർ ക്യൂവിലായിരുന്നു. ഇന്ധനവിലവർദ്ധനവും ജി. എസ്. ടിയും പാവങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും രാഹുൽ പറഞ്ഞു. നാളെയും രാഹുൽ സംസ്ഥാനത്ത് പര്യടനം തുടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA