മോദിയുടെ സാമിപ്യത്തിൽ വനിതാ മന്ത്രിയെ കയറിപ്പിടിച്ച് കായിക മന്ത്രി,​ വിവാദം

Tuesday 12 February 2019 10:58 AM IST
thripura

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിൽ വനിതാ മന്ത്രിക്ക് നേരെ ത്രിപുര കായിക വകുപ്പ് മന്ത്രിയുടെ ലൈംഗികാതിക്രമം. ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയിൽ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കായിക വകുപ്പ് മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രി സന്ദന ചക്മയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മനോജ് കാന്തിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറർ ദേബും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നതിനിടെ വേദിയുടെ വശത്തേക്കായി മാറി നിന്ന മനോജ് ദേബ് വനിതാ മന്ത്രിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. മനോജ് ദേബിന്റെ പെരുമാറ്റത്തെ സന്ദന ചക്മ എതിർക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വേദിയിൽ ഒരു തിരക്കുമില്ലായിരുന്നിട്ടും കായിക മന്ത്രി ബോധപൂർവ്വമാണ് ഇവരെ കടന്നു പിടിച്ചതെന്ന് വീഡിയോയിൽ വ്യക്തമാണ്.

വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ കായിക മന്ത്രിയെ അറസ്റ്റ്‌ ചെയ്യണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട ഇടതുമുന്നണി കൺവീന‍ർ ബിജൻദാർ രംഗത്തെത്തി. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷം സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വ്യാപകമായി വർദ്ധിച്ചെന്നും ഒരു മന്ത്രി തന്നെ സഹപ്രവർത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

കായിക മന്ത്രി മനോജ് ദേബിനെ വ്യക്തിപരമായി അധിക്ഷേപിക്കാനായി പ്രതിപക്ഷം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ബി.ജെ.പി നേതാവ് നബേന്ദു ബട്ടാ ചാറ്റർജി പ്രതികരിച്ചു. സംഭവത്തിൽ വനിതാ മന്ത്രി ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും ഇടതുമുന്നണി മനപ്പൂർവ്വം ഉയർത്തിക്കൊണ്ട് വരുന്ന അനാവശ്യ വിവാദമാണെന്നുമാണ് ബി.ജെ.പി നേതാവിന്റ വിശദീകരണം.

വീഡിയോ കാണാം...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA