മോദി ജനങ്ങളെ കേൾക്കാത്ത പ്രധാനമന്ത്രി: രാഹുൽഗാന്ധി

Thursday 14 March 2019 11:15 PM IST
1

കോഴിക്കോട്:ജനങ്ങളെ കേൾക്കാത്ത പ്രധാനമന്ത്രിയാണ് അഞ്ച് വർഷം രാജ്യം ഭരിച്ചതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു. കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസിന്റെ ജനമഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ മൻ കീ ബാത്ത് കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായില്ല. അടുത്ത ആഴ്ച ചെയ്യാൻ പോവുന്ന കാര്യങ്ങൾ ജനങ്ങളോട് വിളിച്ചു പറയുക മാത്രമാണ് ചെയ്യുന്നത്. ഒരു വ്യക്തി കടലിനോട് ആജ്ഞാപിക്കുന്നത് പോലെയാണിത്. താൻ എല്ലാ ആഴ്ചയിലും മാദ്ധ്യമങ്ങളെ കാണുകയും അവരുടെ ചോദ്യത്തിന് മറുപടി നൽകുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി അതിന് തയ്യാറാകുന്നില്ല.

കോൺഗ്രസ് രാജ്യത്തിന്റെ ശബ്ദമാണ്. അത് ഒരു വ്യക്തിയുടേയോ ഒരു വിഭാഗത്തിന്റേയോ ഒരു മതത്തിന്റെയോ അല്ല. രാജ്യത്തെ വൈവിദ്ധ്യമാർന്ന വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും കോൺഗ്രസ് അംഗീകരിക്കും.

പ്രത്യയശാസ്ത്ര പോരാട്ടമാണ് നടക്കുന്നത്. ഒരു ഭാഗത്ത് കോൺഗ്രസും സഖ്യ കക്ഷികളും മറ്റു ഭാഗത്ത് ബി.ജെ.പിയും ആർ.എസ്.എസും. സ്വന്തം പ്രത്യയശാസ്ത്രം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നവരാണ് ബി.ജെ.പി.യും ആർ.എസ്.എസും. കോൺഗ്രസ് ജനങ്ങളെ യജമാനന്മാരായാണ് കാണുന്നത്. കോൺഗ്രസ് ഒരാളിലും ഒന്നും അടിച്ചേൽപ്പിക്കില്ല.

റാഫേൽ ഇടപാടിൽ നീതി നടപ്പായാൽ നരേന്ദ്രമോദിയും അനിൽ അംബാനിയും ജയിലിലാകും. പ്രധാനമന്ത്രി നീതിയെ നേരിടേണ്ടിവരും. മോദി ഇടപെട്ടാണ് റാഫേൽ കരാർ വ്യവസ്ഥക‌ൾ മാറ്റിയത്. 30,000 കോടി രൂപ അനിൽ അംബാനിക്ക് നേട്ടമുണ്ടായി. ഇക്കാര്യം അന്വേഷിച്ച സി.ബി.ഐ ഡയറക്ടറെ മാറ്റി. മോദി സമ്പന്നരെ ഭായ് എന്നാണ് വിളിക്കുന്നത്. അവരാണ് അദ്ദേഹത്തെ ചാനലുകളിലും പത്രങ്ങളിലും കൊണ്ടാടുന്നത്. അവർക്കായി മൂന്നര ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. കർഷകരെ ഭായ് അദ്ദേഹം എന്ന് വിളിക്കാറില്ല. അവരെ കേൾക്കാറുമില്ല.
കച്ചവടക്കാരനോടോ കർഷകനോടോ അദ്ദേഹം സംസാരിച്ചിരുന്നെങ്കിൽ നോട്ട് നിരോധനത്തിന്റെ ആഘാതം തിരിച്ചറിഞ്ഞേനെ. 70 വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിയന്ത്രിച്ച റിസർവ് ബാങ്കിനോടും പോലും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയില്ല
പുൽവാമയിൽ സൈനികർ കൊല്ലപ്പെട്ടപ്പോൾ മോദി സിനിമയിൽ അഭിനയിക്കുകയായിരുന്നു. മോദി രണ്ട് ഇന്ത്യയെ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഒന്ന് 15 സമ്പന്നരുടെ ഇന്ത്യ, മറ്റേത് മറ്റ് എല്ലാ വിഭാഗങ്ങളുടെയും ഇന്ത്യ. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഏറ്റവും കുറഞ്ഞ വരുമാന രേഖ ഉണ്ടാക്കും. ആറ് ശതമാനം തുക വിദ്യാഭ്യാസത്തിന് നീക്കിവെക്കും. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്ക് സംവരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സി. പി.എമ്മിന്റെ ശ്രദ്ധ

അക്രമരാഷ്ട്രീയത്തിൽ

എക്കാലവും അക്രമരാഷ്ട്രീയത്തിലൂടെ അധികാരത്തിൽ തുടരാമെന്നാണ് സി.പി.എം കരുതുന്നതെന്നും എന്നാൽ അത് നടക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അക്രമത്തിൽ മാത്രമാണ് സി.പി.എമ്മിന്റെ ശ്രദ്ധ. സി.പി.എമ്മും ബി.ജെ.പിയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ദുർബലന്റെ ആയുധമാണ് അക്രമം. സുന്ദരൻമാരായ രണ്ട് ചെറുപ്പക്കാരെയാണ് സി.പി.എം കൊലപ്പെടുത്തിയത്. അവർക്ക് നീതി ലഭിക്കും. സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാൻ അവർക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA