അസ്താനയ്ക്ക് തിരിച്ചടി:അഴിമതി കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

Saturday 12 January 2019 12:07 AM IST
asthana

ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിന്റെ വിശ്വസ്തനായ സി.ബി.ഐ മുൻ സ്പെഷൽ ഡയറക്‌ടർ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതിക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. പത്ത് ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണം. അസ്താനയെ അറസ്റ്റ് ചെയ്യാനുള്ള വിലക്കും കോടതി നീക്കി. ഇതോടെ സി.ബി.ഐയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമായി. അലോക് വർമ്മയെ പുറത്താക്കി അസ്താനയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളും പാളി.മാംസവ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലെ എഫ്.ഐ.ആർ റദ്ദാക്കാൻ അസ്താനയും മറ്റൊരു പ്രതി ഡി.സി.പി ദേവേന്ദ്ര കുമാറും നൽകിയ ഹർജികളാണ് കോടതി തള്ളിയത്. സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വർമ്മ പ്രതികാരത്തോടെ രജിസ്റ്റർ ചെയ്തതാണ് ഈ കേസ് എന്നായിരുന്നു അസ്താനയുടെ വാദം.എന്നാൽ, അഴിമതി നിരോധന നിയമ പ്രകാരം സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഇറച്ചി വ്യാപാരി മൊയീൻ ഖുറേഷിക്കെതിരായ കേസിൽ നിന്ന് രക്ഷിക്കാൻ വ്യവസായി സതീഷ് സനയിൽ നിന്ന് അഞ്ച് കോടി കോഴ വാങ്ങിയെന്നതാണ് അസ്താനയ്ക്കെതിരായ കേസ്.അസ്താനയ്ക്കെതിരെയുള്ള അന്വേഷണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേന്ദ്രമന്ത്രിയും അടക്കമുള്ള ഉന്നതർ ഇടപെടാൻ ശ്രമിച്ചെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സി.ബി.ഐയിലെ ഡി.ഐ.ജി മനിഷ് കുമാർ സിൻഹ ആരോപിച്ചിരുന്നു. അസ്താനയും കോഴ ഇടപാടുകാരും തമ്മിലുള്ള ബന്ധത്തിന്റെ രേഖകൾ പുറത്തുവന്നിരുന്നു. അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കുന്നതിനിടെ ആൻഡമാനിലേക്ക് സ്ഥലംമാറ്റിയത് ചോദ്യം ചെയ്ത് ഡി.സി.പി എ.കെ. ബസി കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതരമായ ആരോപണങ്ങൾ. അസ്താനയുടെ ഫോൺ സംഭാഷണ രേഖകൾ, വാട്സാപ് സന്ദേശങ്ങൾ എന്നിവ ഹർജിയിൽ ചേർത്തിരുന്നു. കേസിൽ നിന്നൊഴിവാക്കാൻ അസ്താനയ്ക്കു പണം നൽകിയെന്ന വ്യവസായി സതീഷ് സനയുടെ മൊഴി പിന്തുടർന്ന അന്വേഷണ സംഘം ഇടനിലക്കാരൻ മനോജ് പ്രസാദിനെ പിടികൂടിയിരുന്നു. ഇയാളുടെ സഹോദരൻ സോമേഷിന്റെ ഫോൺ സംഭാഷണങ്ങൾ നീരീക്ഷിച്ചാണ് അസ്താനയ്ക്കെതിരായ കുരുക്കു മുറുക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA