ശബരിമല: റിട്ട് ഹർജികൾ പരിഗണിക്കുന്നത് പുനപരിശോധന ഹർജികൾക്ക് ശേഷം, തുറന്ന കോടതിയിൽ കേൾക്കില്ല

Tuesday 13 November 2018 11:13 AM IST
supreme-court

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജികൾ പരിഗണിക്കുന്നത് പുനപരിശോധനകൾക്ക് ശേഷം മാത്രമെന്ന് സുപ്രീം കോടതി. എന്നാൽ എപ്പോഴാണ് റിട്ട് ഹർജികൾ പരിഗണിക്കുകയെന്നതിനെ സംബന്ധിച്ച് കോടതി വ്യക്തത വരുത്തിയിട്ടില്ല. പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന അഭിഭാഷകരുടെ ആവശ്യവും കോടതി തള്ളി. നേരത്തെ തീരുമാനിച്ച പോലെ ചീഫ് ജസ്‌റ്റിസിന്റെ ചേംബറിൽ തന്നെ കേൾക്കും. ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം മോശമായിപ്പോയെന്നും കോടതി പറഞ്ഞു.

വൈകുന്നേരം മൂന്ന് മണിക്കാണ് സുപ്രീം കോടതി പുനപരിശോധന ഹർജികൾ പരിഗണിക്കുന്നത്. പുനപരിശോധ ഹർജികൾ തള്ളുകയാണെങ്കിൽ റിട്ട് ഹർജികൾ കേൾക്കാമെന്നും പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ കേൾക്കുകയാണെങ്കിൽ അതോടൊപ്പം റിട്ട് ഹർജികൾ കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ വൈകിട്ട് മൂന്നിന് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പരിഗണിക്കുക. 49 പുനഃപരിശോധനാഹർജികളാണുള്ളത്. വിധി പറ‌ഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്. നേരിട്ടുള്ള വാദമില്ല. അഭിഭാഷകർക്കുൾപ്പെടെ പ്രവേശനമില്ല.

എൻ.എസ്.എസ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയിട്ടുള്ള 49 പുനഃപരിശോധനാ ഹർജികളാണ് പരിശോധിക്കുക. സീനിയർ അഭിഭാഷകനായ ശങ്കർ ഉദയ് സിംഗാണ് ബോർഡിന് വേണ്ടി കോടതിയിൽ ഹാജരാവുക. സുപ്രീംകോടതിയുടെ നിലപാടിൽ മാറ്രംവരാനുള്ള സാദ്ധ്യത നന്നെ കുറവാണെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം. ദേവസ്വം കമ്മിഷണർ എൻ. വാസുവും ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽമാരായ രാജ്മോഹൻ, ശശികുമാർ എന്നിവരും ഡൽഹിയിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA