ബുലന്ദ്ഷഹർ സംഘർഷം: പശുവിന്റെ ജഡാവശിഷ്ടത്തിന് രണ്ടുദിവസത്തെ പഴക്കമെന്ന് പൊലീസ്

Thursday 06 December 2018 10:46 PM IST
mob-killing-

ന്യൂഡൽഹി ∙ ബുലന്ദ്ഷഹറിൽ സംഘർഷത്തിനു വഴിവച്ച പശുവിന്റെ ജഡാവശിഷ്ടം രണ്ടുദിവസം പഴക്കമുള്ളതാണെന്നു പൊലീസ്. ആൾക്കൂട്ടം പൊലീസ് ഇൻസ്പെക്ടറെ കൊന്ന സംഭവത്തിലെ മുഖ്യപ്രതി ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു വെളിപ്പെടുത്തൽ. കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റമാണു യോഗേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

പശുവിനെ അറുക്കുന്നതു കണ്ടുവെന്ന യോഗേഷിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. മഹാഗാവ് ഗ്രാമത്തിൽ കണ്ടെത്തിയ പശുവിന്റെ ജഡം 2 ദിവസം പഴക്കമുള്ളതാണെന്നു പൊലീസ് സ്ഥിരീകരിച്ചു.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട ഇൻസ്‍പെക്ടറുടെ കുടുംബം രാവിലെ യോഗിയെ കണ്ടിരുന്നു. ഇൻസ്‍പെക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും യോഗി ഉറപ്പുനല്‍കി.

ദാദ്രിയിൽ പശുവിനെ കൊന്ന് ഇറച്ചി ഭക്ഷിച്ചുവെന്ന് ആരോപിച്ച് 2015ൽ ആൾക്കൂട്ടം ആക്രമിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് ആദ്യം അന്വേഷിച്ചിരുന്നത് കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗ് ആണ്. അന്വേഷണത്തിനിടെ സുബോധ് കുമാറിനെ സ്ഥലംമാറ്റിയിരുന്നു. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ 20കാരനായ സുമിത് കുമാറും വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA