ഇന്ന് തന്നെ കളിച്ചു തുടങ്ങും, തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല,​ ബി.ജെ.പിയിൽ നിന്ന് നിർദ്ദേശം ലഭിച്ചില്ല: ശ്രീശാന്ത്

Friday 15 March 2019 11:42 AM IST
sreeshanth

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ്പിനെ തുടർന്ന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതിൽ സന്തോഷമുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്ന് തന്നെ കളിക്കും,​ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിട്ടുണ്ട്. തുടർന്ന് ഒന്നോ രണ്ടോ മൂന്നോ വർഷം ബി.സി.സി.ഐ ശിക്ഷ ഏർപ്പെടുത്താനാണ് സാദ്ധ്യത. ഇപ്പോൾ തന്നെ ഏകദേശം ആറ് വർഷത്തോളമായി വിലക്ക്. കളിക്കാനാവുമെന്ന കാര്യത്തിൽ നല്ല പ്രതീക്ഷയുണ്ടെന്ന് ശ്രീശാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആറ് വർഷത്തോളമായി വിലക്ക് അനുഭവിക്കുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ബി.സി.സി.ഐയുടെ അനുവാദം വാങ്ങി വരാനിരിക്കുന്ന സ്കോട്ടിഷ് ലീഗിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ബി.സി.സി.ഐയുടെ അച്ചടക്ക സമിതിയെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്,​ ഇല്ലെന്നും,​ രാഷ്ട്രീയത്തേക്കാൾ കൂടുതൽ സ്‌പോർട്സിലും ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ശ്രീശാന്ത് പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിൽ നിന്ന് ഇതുവരെ നി‌ർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയപാർട്ടികളിൽ നിന്നും തനിക്ക് പൂർണപിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഐ.പി.എൽ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏർപ്പെടുത്തിയത്. രാജസ്ഥാൻ റോയൽസിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. ഈ കേസിൽ പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്ക് നീക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്‌ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച അപ്പീലിലാണ് താരത്തിനെതിരെയുള്ള വിലക്ക് ശരിവച്ചത്. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA