തെലങ്കാനയിൽ ഒരു മുഴം മുന്നേ കെ.സി.ആർ.

പ്രസൂൻ എസ്.കണ്ടത്ത് | Thursday 11 October 2018 5:35 AM IST

chandrasekhar-rao-

ന്യൂഡൽഹി: അപ്രതീക്ഷിതമായി ഇന്നിംഗ്‌സ് ഡിക്ളയർ ചെയ്‌ത് തെലങ്കാന രാഷ്‌ട്രീയ സമിതി(ടി.ആർ.എസ്) നേതാവും മുഖ്യമന്ത്രിയുമായ കെ.സി. ആർ എന്ന കാൽവാകുന്തള ചന്ദ്രശേഖര റാവു തെലങ്കാനയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് നൽകുന്ന വെല്ലുവിളിയാണ് ഡിസംബർ 7ന്റെ നിയമസഭാ തിരഞ്ഞെടുപ്പ്. നിയമസഭ നേരത്തെ പിരിച്ചുവിട്ട് അസംബ്ളി തിരഞ്ഞെടുപ്പിന് കളമൊരുക്കിയ കെ.സി.ആറിന്റെ തീരുമാനം ശരിയോ,തെറ്റോ എന്ന് അന്ന് ജനങ്ങൾ വിധിയെഴുതും.

ആത്മവിശ്വാസത്തിൽ കെ.സി.ആർ
കാലാവധിക്കു മുൻപ് നിയമസഭ പിരിച്ചുവിട്ട കെ.സി.ആർ സംസ്ഥാനത്തെ അനുകൂല രാഷ്‌ട്രീയ സാഹചര്യം മുതലാക്കാമെന്ന് കണക്കുകൂട്ടുന്നു. ജനകീയ പ്രക്ഷോഭ നായകനായ മുഖ്യമന്ത്രിക്കും പാർട്ടിക്കും വെല്ലുവിളിയാകാൻ ടി.ഡി.പി, കോൺഗ്രസ്, ബി.ജെ.പി കക്ഷികൾ അടങ്ങിയ പ്രതിപക്ഷ നിരയ്‌ക്ക് കഴിയുന്നില്ല. ഉയർത്തിക്കാട്ടാൻ നല്ലൊരു നേതാവുമില്ല. പൊതുതിരഞ്ഞെടുപ്പിൽ വീണ്ടുമൊരു മോദി തരംഗമോ, അല്ലെങ്കിൽ രാഹുൽ ഇഫക്‌ടോ വന്നാലുള്ള റിസ്‌കും ഒഴിവാക്കണം. 105 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടി.ആർ.എസ് എതിരാളികളെ സമ്മർദ്ദത്തിലുമാക്കി.

തെലങ്കാനയിൽ ടി.ആർ.എസിന് ഭരണം കുടുംബകാര്യമാണ്. മുഖ്യമന്ത്രി കെ.സി.ആറിന്റെ മകൻ കെ.ടി. രാമറാവു സിർസില്ലയിലും മരുമകൻ ഹരീഷ് റാവു സിദ്ദിപ്പേട്ടിലും എം.എൽ.എ. മകൾ കെ. കവിത നിസാമാബാദ് എം.പി. ആന്ധ്രയുടെ ഭാഗമായിരുന്ന മലയോര പ്രദേശങ്ങളിൽ വികസനമില്ലെന്ന പരാതിയായിരുന്നു തെലങ്കാന പ്രക്ഷോഭത്തിന്റെ കാതൽ. നാലുവർഷത്തിനിപ്പുറകം വികസനവഞ്ചി തിരുനക്കരെ തന്നെ. തൊഴിലില്ലായ്‌മയും രൂക്ഷം.കർഷകർ പ്രതിസന്ധിയിൽ. പുതിയ സംസ്ഥാനത്തിലെ പോരായ്‌മകൾ ക്ഷമിച്ച് വീണ്ടുമൊരു അഞ്ചുവർഷം നൽകിയാൽ വികസനം കൊണ്ടുവരുമെന്നാണ് കെ.സി.ആർ വാഗ‌്‌ദാനം.

കോദണ്ഡരാമും ആക്‌ഷൻകമ്മിറ്റിയും
ഭരണം ലഭിച്ചപ്പോൾ കെ.സി.ആർ ലക്ഷ്യം മറന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനൊപ്പം മുമ്പ് സമരത്തിന് നേതൃത്വം നൽകിയ തെലങ്കാന ജോയിന്റ് ആക്‌ഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ എം. കോദണ്ഡരാം തെലങ്കാന ജനകീയ സമിതി എന്ന രാഷ്‌ട്രീയ പാർട്ടിയുമായി രംഗത്തുണ്ട്. കർഷക പ്രശ്‌നങ്ങളിലും പൊതുസമൂഹത്തോടും കെ.സി.ആർ മുഖം തിരിക്കുന്നതായി കോദണ്ഡരാം ആരോപിക്കുന്നു. പ്രതിപക്ഷം കോദണ്ഡരാമിനെ മുന്നിൽ നിറുത്തി കെ.സി.ആറിനെ ചെറുക്കുമോ എന്ന് കണ്ടറിയാം.

ക്ളച്ചുപിടിക്കാതെ കോൺഗ്രസ്
സീമാന്ധ്ര, റായൽ സീമ ദേശത്തുകാരു‌ടെ പ്രതിഷേധങ്ങൾ, ആത്‌മഹത്യകൾ, ഡൽഹിയിൽ പാർലമെന്റിനുള്ളിൽ നടന്ന പരാക്രമങ്ങൾ എന്നിവ മറികടന്നാണ് 2014ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാർ ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനമുണ്ടാക്കിയത്. പക്ഷേ അതിന്റെ ക്രഡിറ്റ് ലഭിച്ചിട്ടും കോൺഗ്രസിസിന് തെലങ്കാനയിൽ മുന്നേറാനായില്ല. തൊട്ടുപുറകെ നടന്ന തിരഞ്ഞെടുപ്പിൽ ജനം തെലങ്കാന സമരനായകനെ തുണച്ചു. പാലിക്കാത്ത വാഗ്‌ദാനങ്ങൾ ഉയർത്തിയാകും ടി.ആർ.എസിനെതിരെ കോൺഗ്രസ് ഇറങ്ങുക. ദേശീയ തലത്തിൽ സഹകരിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി തെലങ്കാനയിൽ സഖ്യത്തിന് ശ്രമമുണ്ട്. 2014ൽ ടി.ഡി.പി 15സീറ്റിൽ ജയിച്ചിരുന്നു

തന്ത്രപൂർവ്വം ബി.ജെ.പി
പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ അടക്കം സഹായിച്ച ടി.ആർ.എസുമായി ബി.ജെ.പിക്കുള്ള ദേശീയ രാഷ്‌ട്രീയത്തിലെ ധാരണകൾ തെലങ്കാനയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നു. തിരഞ്ഞെടുപ്പ് പാർട്ടിയെ വളർത്താനുള്ള അവസരമായാണ് ബി.ജെ.പി കാണുന്നത്. 2014ൽ അഞ്ചിലൊതുങ്ങിയ സീറ്റുകൾ വർദ്ധിപ്പിക്കാനാകും ശ്രമം. .

ഇടത് സാദ്ധ്യതകൾ

സി.പി.എം നേതൃത്വം നൽകുന്ന ഇടതു പക്ഷം ബഹുജന മുന്നണിയായാണ് തെലങ്കാനയിൽ മത്സരിക്കുക. സി.പി.ഐ നേതൃത്വത്തിൽ ജൻമിത്വ വ്യവസ്ഥയ്‌ക്കെതിരെ നടന്ന 1946ലെ തൊഴിലാളി വർഗ സമരത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ സ്വാധീനം വീണ്ടെടുക്കുകയാണ് ലക്ഷ്യം.

2014ൽ ഇങ്ങനെ:ആകെ: 119, ടി.ആർ.എസ് 63, കോൺഗ്രസ് 21, ടി.ഡി.പി 15, എ.ഐ.എം.ഐ.എം 7, ബി.ജെ.പി 5, വൈ.എസ്.എസ് കോൺഗ്രസ്2, ബി.എസ്.പി 2, സി.പി.എം 1, സി.പി.ഐ1, സ്വതന്ത്രൻ1

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA