അഭിമന്യു വധക്കേസ്:ഒളിവിലുള്ളവരെ പിടികിട്ടാപ്പുള്ളികളാക്കി സ്വത്ത് കണ്ടെത്താൻ പൊലീസ്

Friday 07 December 2018 12:54 PM IST

abhimanyu-murder

കൊച്ചി: അഭിമന്യു വധക്കേസിൽ ഒളിവിൽ കഴിയുന്ന ക്രിമിനൽ സംഘത്തിന്റെ അറസ്റ്റ് വൈകുന്നുവെന്ന ആരോപണം ഉയർന്നിരിക്കെ നിർണ്ണായക ചുവടുവയ്പ്പുമായി അന്വേഷണ സംഘം. ഒളിവിൽ കഴിയുന്ന ഏഴ് പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് പൊലീസ് നീക്കം. വിചാരണ നടപടികൾ ആരംഭിക്കുമ്പോൾ ഇക്കാര്യം കോടതിയെ ധരിപ്പിക്കുമെന്നാണ് സൂചന. ഇവർക്കെതിരെ നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചാൽ പ്രതികളുടെ സ്വത്ത് കണ്ടെത്തണമെന്ന അപേക്ഷയും പിന്നാലെ നൽകിയേക്കും.

അതേസമയം, വിചാരണയ്ക്ക് മുമ്പേ പ്രതികളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന്റെ ശ്രമം തുടരുകയാണ്. പ്രതികളെല്ലാം വിവിധയിടങ്ങളിലായാണ് ഒളിവിൽ കഴിയുന്നതെന്നാണ് പൊലീസിന് ലഭിച്ച രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിനകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കാൻ ഇതരസംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല. ഇത് അന്വേഷണത്തിന് തിരിച്ചടിയായെന്നാണ് പൊലീസ് വിലയിരുത്തൽ.
സെപ്തംബർ 25നാണ് അഭിമന്യു വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 16 പ്രതികളെ ഉൾപ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രമാണ് നൽകിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇതിലെ പ്രതികൾ. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടുത്തി രണ്ടാം കുറ്റപത്രം പിന്നീട് നൽകും. കേസിൽ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കഴിഞ്ഞ ജൂലൈ രണ്ടിന് പുലർച്ചെയാണ് കോളേജ് ക്യാമ്പസിൽ അഭിമന്യു കുത്തേറ്റു മരിച്ചത്. ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒമ്പതു പേർ നേരിട്ടും ബാക്കിയുള്ളവർ അല്ലാതെയും കുറ്റകൃത്യത്തിൽ പങ്കുള്ളവരാണ്. സെപ്തംബർ 17ന് എട്ടു പ്രതികൾക്ക് വേണ്ടിയാണ് തെരച്ചിൽ നോട്ടീസ് പുറത്തിറക്കിയത്. ഇതേത്തുടർന്ന് രണ്ടാംപ്രതി ആരിഫ് ബിൻ സലാം കീഴടങ്ങിയിരുന്നു.

 ഒളിവിൽ കഴിയുന്നവർ

ഒമ്പത് മുതൽ പന്ത്രണ്ടു വരെ പ്രതികളായ പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പു വീട്ടിൽ വി.എൻ.ഷിഫാസ് (23), നെട്ടൂർ മസ്ജിദ് റോഡ് മേക്കാട്ട് വീട്ടിൽ സഹൽ (21), പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽ പറമ്പിൽ ജിസാൽ റസാഖ് (21), പള്ളുരുത്തി ശശി റോഡിൽ നമ്പിപുത്തലത്ത് വീട്ടിൽ മുഹമ്മദ് ഷഹീം (31), പതിനാലു മുതൽ പതിനാറ് വരെ പ്രതികളായ ആലുവ ഉളിയന്നൂർ പാലിയത്ത് വീട്ടിൽ പി.എം.ഫായിസ് (20), ഫോർട്ട് കൊച്ചി ജി.സി.ഡി.എ കോളനിയിൽ നിന്നു നെട്ടൂർ ഹോണ്ടാ ഷോ റൂമിന് സമീപം കരിങ്ങമ്പാറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തൻസീൽ (25), മരട് നെട്ടൂർ മസ്ജിദ് റോഡിൽ മേക്കാട്ട് വീട്ടിൽ സനിദ് (26) എന്നിവരാണ് ഒളിവിൽ കഴിയുന്നത്. ഇവരുൾപ്പെടെ ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികളെയും തിരിച്ചറിയൽ പരേഡിൽ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. ഒളിവിലുള്ള പ്രതികളുടെ ഫോട്ടോ സാക്ഷികളെ കാട്ടിയാണു തിരിച്ചറിഞ്ഞത്.

അന്വേഷണം പുരോഗമിക്കുന്നു

അഭിമന്യു വധക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഏഴ് പ്രതികളാണ് ഒളിവിൽ കഴിയുന്നത്. ഇവർക്കായി വിവിധയിടങ്ങളിൽ പരിശോധനകളും അന്വേഷണവും പുരോഗമിക്കുകയാണ്. പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

എസ്.ടി. സുരേഷ് കുമാർ, കൺട്രോൾ റൂം അസി. കമ്മിഷണ‌ർ, അന്വേഷണ സംഘത്തലവൻ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA