കേരളത്തിൽ കോളേജ് അദ്ധ്യാപകരെ ലക്ഷ്യമിട്ട് എ.ടി.എം തട്ടിപ്പ് വർദ്ധിക്കുന്നു, പലർക്കും നഷ്‌ടമായത് ലക്ഷങ്ങൾ

Friday 07 December 2018 1:15 PM IST
atm-fraud

കോട്ടയം: കോളേജ് അദ്ധ്യാപകരെ ഉൾപ്പെടെ ലക്ഷ്യം വച്ച് എ.ടി.എം തട്ടിപ്പ് തുടരുന്നു. മൂന്നു ദിവസം കൊണ്ട് അദ്ധ്യാപകർക്ക് നഷ്‌ടമായത് ലക്ഷങ്ങൾ. കോട്ടയത്ത് സി.എം.എസ് കോളേജിലെ രണ്ട് അദ്ധ്യാപകരുടെ 1.10ലക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ ചങ്ങനാശേരിയിലെ അഞ്ച് അദ്ധ്യാപകരുടെ ഒന്നര ലക്ഷം രൂപ കൂടി നഷ്‌ടമായി. ഇന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു അദ്ധ്യാപകന്റെ ഒരു ലക്ഷം രൂപയാണ് തട്ടിപ്പുകാർ നിമിഷങ്ങൾകൊണ്ട് കവർന്നത്.


ബാങ്ക് മാനേജർ എന്ന വ്യാജേനയാണ് ഇവർ അദ്ധ്യാപകരെ ബന്ധപ്പെടുന്നത്. ലളിതമായ ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. അസിസ്റ്റന്റ് മാനേജർ എന്നു പറഞ്ഞാണ് ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ അദ്ധ്യാപികമാരെ വിളിച്ചത്. ഭർത്താവിന്റെ പേരും വീട്ടുപേരും ജോലിയും കൃത്യമായി പറയുന്നതോടെ അദ്ധ്യാപികമാർക്ക് യാതൊരു സംശയവും തോന്നിയില്ല.അക്കൗണ്ട് നമ്പറും കൃത്യമായി പറഞ്ഞു. ഒ.ടി.പി നമ്പർ ഇല്ലെങ്കിൽ ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാർഡ് ലഭിക്കില്ലെന്നും പഴയ കാർഡ് ഉടൻ റദ്ദാകുമെന്നും ഇതോടെ അക്കൗണ്ട് മരവിക്കുമെന്നും ഇവർ പറയും. ഇതോടെയാണ് മിക്കവരും ഒ.ടി.പി നമ്പർ പറഞ്ഞുകൊടുക്കുക.


നമ്പർ പറഞ്ഞുകൊടുത്താൽ നിമിഷങ്ങൾക്കുള്ളിൽ മൊബൈൽ ഫോണിൽ മെസേജ് വരും. നോക്കുമ്പോൾ ചെറിയൊരു തുക എടുത്തു എന്നാകും കാണിക്കുക. എന്നാൽ അടുത്ത മെസേജോടുകൂടി അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും നഷ്ടപ്പെട്ടിരിക്കും.
പണം നഷ്ടമായെന്ന് ബോദ്ധ്യമായാലുടൻ വിളി വന്ന മൊബൈലിലേക്ക് തിരിച്ചുവിളിച്ചാൽ സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്ത് എന്ന സന്ദേശമാകും ലഭിക്കുക. അതോടെയാണ് തട്ടിപ്പെന്ന് വ്യക്തമാകുക.


വടക്കേ ഇന്ത്യയിൽ നിന്നാണ് വിളി വരുന്നതെങ്കിലും കേരളത്തിലെ ഏതെങ്കിലും സ്ഥലമാവും ഇവർ പറയുക. പൊലീസ് അന്വേഷണത്തിൽ ബംഗാളിലെ മൊബൈൽ നമ്പർ ആണെന്ന് മനസിലായിട്ടുണ്ട്. പക്ഷേ, വിളിക്കുന്നത് ഉത്തർ പ്രദേശിൽനിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുസംഘത്തിന്റെ കൈവശം കേരളത്തിലെ അദ്ധ്യാപകരുടെ ഡാറ്റാ ബാങ്ക് ഉണ്ടെന്നാണ് അറിയുന്നത്. ബാങ്കിൽ ശമ്പളം വരുന്ന സമയം മനസിലാക്കിയാണ് ഇവരുടെ ഓപ്പറേഷൻ.


ആധാർ വിവരം ചോർത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്നും സംശയമുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഘത്തിന്റെ കൈയ്യിൽ എങ്ങനെ ബാങ്ക് അക്കൗണ്ട് നമ്പറും മറ്റും ലഭിക്കുന്നുവെന്നതാണ് ഈ നിഗമനത്തിലെത്താൻ കാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA