അദ്ധ്യാപകനെ മർദ്ദിച്ച വിദ്യാ‌ർത്ഥിയും പിതാവും അറസ്റ്റിൽ

Sunday 10 February 2019 12:38 AM IST
jail

കാസർകോട് : പരീക്ഷയ്‌ക്കിടെ കോപ്പിയടി പിടികൂടിയ അദ്ധ്യാപകനെ ക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥിയും പിതാവും അറസ്റ്റിൽ. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപകനായ ചെറുവത്തൂർ തിമിരി സ്വദേശി ഡോ. ബോബി ജോസിനെ (44) മർദ്ദിച്ച കേസിലാണ് പ്ലസ്ടു വിദ്യാർത്ഥി കൊമ്പനടുക്കം ആലച്ചേരിയിലെ മുഹമ്മദ് മിർസ (19), പിതാവ് എ. ലത്തീഫ് (50) എന്നിവരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തത്.

മോഡൽ പരീക്ഷയ്‌ക്കിടെ കോപ്പിയടി പിടികൂടിയ ബോബി ജോസിനെ മുഹമ്മദ് മിർസ ചെകിട്ടത്തടിച്ചു. തുടർന്ന് ഡെസ്‌കിന്റെ കാലുകൊണ്ടടിച്ച് കൈ ഒടിക്കുകയും ചെയ്‌തു. സംഭവത്തെ തുടർന്ന് സ്‌കൂളിലേക്ക് വിളിച്ചപ്പോഴാണ് ബോബി ജോസിനെ ലത്തീഫ് കൈയേറ്റം ചെയ്തത്.

ആക്രമണത്തിൽ കേൾവിശക്തി നഷ്ടപ്പെട്ടെന്ന സംശയത്തെ തുടന്ന് ബോബി ജോസിനെ കാസർകോട്ടെ ആശുപത്രിയിൽ വിദഗ്‌ദ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തലയ്‌ക്കടിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ബോബി ജോസിന്റെ കൈയ്‌ക്ക് പരിക്കേറ്റത്.

എട്ടുവർഷമായി ചെമ്മനാട് സ്‌കൂളിലുള്ള ബോബി ജോസ് മികച്ച അദ്ധ്യാപകനാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

കാസർകോട് ടൗൺ സി.ഐ വി.വി. മനോജും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA