സമ്പന്ന സ്ത്രീകളെ വലയിലാക്കി വീഡിയോ ചിത്രീകരിക്കും, ശേഷം പണം തട്ടൽ; റുബൈസിനെ കുടുക്കാൻ വിയർത്ത് പൊലീസ്

ഫ്ളാഷ് ബ്യൂറോ | Wednesday 09 January 2019 3:48 PM IST

kannur-crime-

കണ്ണൂർ: സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ വലയിലാക്കി വീഡിയോയും ഫോട്ടോകളും ചിത്രീകരിച്ച് കോടികൾ തട്ടാൻ ശ്രമിച്ച് പിടിയിലായ പ്രതി പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിട്ട് നാലുമാസം. രണ്ട് വ്യാപാരികളെ തളിപ്പറമ്പ് ചെമ്പന്തൊട്ടിയിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ തളിപ്പറമ്പ് പൊലീസ് പിടികൂടിയ കുറുമാത്തൂർ സ്വദേശി റുബൈസ് (22) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാവൽനിന്ന പൊലീസുകാരെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന് ഇയാളെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിയെ പിടികൂടാൻ പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം.

കഴിഞ്ഞവർഷം ആഗസ്റ്റിലായിരുന്നു റുബൈസ് ഉൾപ്പെടെ ആറുപേർ ഹണിട്രാപ്പ് കേസിൽ അറസ്റ്റിലാകുന്നത്. ഒരു സ്കൂട്ടർ മോഷണകേസിൽ അറസ്റ്റിലായ റുബൈസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ചില രഹസ്യകോ‌ഡുകൾ പൊലീസ് കണ്ടെത്തി. ഇത് പരിശോധിച്ചപ്പോഴാണ് ഹണിട്രാപ്പ് പുറത്തായത്.

റുബൈസിന് പുറമെ ചൊറുക്കള വെള്ളാരംപാറയിലെ മുസ്തഫ (45), സുഹൃത്ത് ചുഴലി സ്വദേശി ഇർഷാദ് (20), ചെങ്ങളായി സ്വദേശി അമൽദേവ് (20),​ കാസർകോട് സ്വദേശിനി എന്നിവരാണ് അറസ്റ്റിലായത്.

എന്നാൽ ദിവസങ്ങൾക്കകം റുബൈസ് രക്താർബുദ രോഗിയാണെന്ന് പറഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെ നിന്ന് പൊലീസിനെ കബളിപ്പിച്ച് മുങ്ങുകയുമായിരുന്നു. ഹണിട്രാപ്പ് സംഭവത്തിൽ ആസൂത്രണം നടത്തിയത് റുബൈസ് ആണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുൾപ്പെടെ അന്വേഷണസംഘം തയ്യാറെടുക്കുമ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്.

ചെമ്പന്തൊട്ടിയിൽ റുബൈസ് വാടകയ്‌ക്കെടുത്ത മുറിയിൽ വച്ചാണ് യുവതിയും ഇരകളും തമ്മിലുള്ള ദൃശ്യങ്ങൾ പകർത്തിയത്. യുവതിയെ എത്തിക്കുന്നതിന് ഒത്താശ ചെയ്തത് മുസ്തഫയാണ്. റുബൈസും അമൽദേവും സഹപാഠികളാണ്. ബ്ളാക്ക് മെയിൽ ചെയ്ത് കിട്ടുന്ന പണംകൊണ്ട് ആർഭാട ജീവിതമാണ് റുബൈസ് നയിച്ചിരുന്നത്.

റുബൈസ് പിടിയിലായ വിവരം അറിഞ്ഞ് കർണാടക മടിക്കേരിയിലുള്ള ഒരു സ്വർണ തട്ടിപ്പ് കേസിൽ കർണാടക പൊലീസ് എത്തിയിരുന്നു. ഈ കേസിൽ മറ്റുപ്രതികളെയൊക്കെ പിടികൂടാനായെങ്കിലും റുബൈസ് മുങ്ങിനടക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ കർണാടക പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിനിടെയാണ് ഇയാൾ മുങ്ങിയത്. കർണാടകയിൽ കൂടുതൽ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. ഹണിട്രാപ്പ് കേസ് ഉണ്ടെന്നും പറയപ്പെടുന്നു. കണ്ണൂരിലും കാസർകോട്ടും റുബൈസിനെതിരെ പീഡനക്കേസും തട്ടിപ്പുകേസുകളുമുണ്ട്.

റുബൈസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് കണക്കുകൂട്ടൽ. കർണാടകയിലെ ഏതെങ്കിലും കേന്ദ്രത്തിൽ ഒളിവിലാണെന്ന സംശയത്തിലാണ് പൊലീസ്. അതിനാൽ കർണാടകത്തിൽ ഉൾപ്പെടെ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA