പള്ളിവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം, കൊലപാതകമെന്ന് സംശയം

Thursday 10 January 2019 2:43 PM IST
fire

കല്ലമ്പലം: പള്ളിവളപ്പിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചന. പോസ്റ്രുമോർട്ടം സംബന്ധമായ വിവരങ്ങൾ ഔദ്യോഗികമായി പൊലീസിന് ലഭ്യമായിട്ടില്ലെങ്കിലും മൃതദേഹം കാണപ്പെട്ട സ്ഥലത്ത് ആത്മഹത്യാശ്രമത്തിന്റെതായ ലക്ഷണങ്ങളൊന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താൻ കഴിയാത്തതാണ് സംശയത്തിന് കാരണം. മറ്റെവിടെയോ വച്ച് ഇയാളെ അപായപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ എത്തിച്ച് കത്തിച്ചതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മരിച്ചതാരാണെന്ന കാര്യത്തിൽ സ്ഥിരീകരണമില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം സംഭവദിവസം മുതൽ കാണാതായ കീഴാറ്റിങ്ങൽ സ്വദേശിയുടെ മൃതദേഹമാണോ ഇതെന്ന് സംശയമാണ് പൊലീസിനുള്ളത്. എന്നാൽ മൃതദേഹം കണ്ട ബന്ധുക്കൾ സ്ഥിരീകരണത്തിന് മുതിരാത്തതിനാൽ സഹോദരന്റെ രക്ത സാമ്പിൾ ഡി.എൻ.എ പരിശോധനയ്ക്കായി പൊലീസ് ഇന്ന് ശേഖരിക്കും. നാവായിക്കുളം വലിയപള്ളി മുസ്ലിം ജുമാമസ്ജിദിന്റെ ചുറ്റുമതിലിനുള്ളിലെ കബർസ്ഥാനിലാണ് കത്തിക്കരിഞ്ഞ് വികൃതമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തീ കത്തിക്കാൻ മണ്ണെണ്ണ ഉപയോഗിച്ചതായാണ് ഫോറൻസിക് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് ലഭിച്ച മണ്ണും കരിയും ചാരവും ശാസ്ത്രീയമായി പരിശോധിച്ച് ഇന്ന് ഇക്കാര്യം സ്ഥിരീകരിക്കും. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് മാത്രമാണ് തീയും ചാരവും കാണപ്പെട്ടത്. ഇതാണ് അപായപ്പെടുത്തിയശേഷം തീകൊളുത്തിയതാണെന്ന സംശയത്തിനിടയാക്കുന്നത്. ഡി.എൻ.എ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെയും അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് നേരിൽ കണ്ട് ഇക്കാര്യത്തിൽ വ്യക്തതവരുത്തും. പണിമുടക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി കടകൾ അടച്ചിട്ടിരുന്നതിനാൽ സ്ഥലത്തെ സി സി.ടി .വി കാമറകൾ പൊലീസിന് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് കാമറകൾ പരിശോധിക്കുന്നതോടെ സംഭവത്തിൽ തുമ്പുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA