ഒളിച്ചോടിയത് 18കാരനൊപ്പം, പൊലീസ് സ്‌റ്റേഷനിൽ കുടുങ്ങിയത് സുഹൃത്ത്: സത്യമറിഞ്ഞപ്പോൾ പൊലീസുകാരും മൂക്കത്ത്‌വിരൽ വച്ചു

Friday 15 March 2019 12:37 PM IST
kollam

കൊല്ലം: പ്രണയത്തെ തുടർന്ന് കാമുകി കാമുകന്മാർ ഒളിച്ചോടുന്നത് പതിവാണ്. എന്നാൽ ഒളിച്ചോടിയവരെ പിടിക്കപ്പെട്ടാൽ കാമുകനെ മാറ്റിപ്പറയുന്നത് കണ്ടിട്ടുണ്ടോ?​ ഇല്ലെങ്കിൽ അങ്ങനെയൊരു സംഭവത്തിനാണ് കൊല്ലത്തെ അഞ്ചാലമൂട് പൊലീസ് സ്റ്റേഷൻ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

18കാരനൊപ്പംപ്പം ഒളിച്ചോടിയ പെൺകുട്ടിയെ സ്റ്രേഷനിൽ എത്തിച്ചപ്പോൾ കാമുകന് പകരം സുഹൃത്തിന്റെ പേര് പറഞ്ഞതാണ് വിനയായത്. താനാണ് യഥാർത്ഥ കാമുകനെന്ന് പറയാൻ പതിനെട്ടുകാരനും മടി കാണിച്ചതോടെ സുഹൃത്ത് കുടുങ്ങി. പിന്നെ രണ്ടും കൽപ്പിച്ച് പൊലീസുകാരുടെ മുന്നിൽവച്ചുതന്നെ സുഹൃത്ത് അസഭ്യവർഷവും തുടങ്ങിയതോടെ കമിതാക്കളുടെ തിരക്കഥ മുഴുവനും പൊളിഞ്ഞു.

ഒരാഴ്ച മുമ്പാണ് കൊല്ലത്തെ പത്തൊൻപതുകാരിയും പതിനെട്ടുകാരനും വീടുവിട്ടുപോയത്. രക്ഷിതാക്കളുടെ പരാതിയിൽ അഞ്ചാലമൂട് പൊലീസ് കേസെടുക്കുകയും ഇവരെ കണ്ടെത്തി സ്റ്റേഷനിലെത്തിക്കുകയും ചെയ്‌തിരുന്നു. പെൺകുട്ടിക്കും യുവാവിനും ഒപ്പം ഒരു സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ പെൺകുട്ടി സുഹൃത്തുമായാണ് അടുപ്പത്തിലെന്നും വിവാഹം കഴിക്കാനാണു തീരുമാനമെന്നും അറിയിച്ചു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇരുവരുടെയും വിവാഹം നടത്തി നൽകാമെന്നു തമാശയായി പറഞ്ഞു. തുടർന്നാണ് ഒളിച്ചോടൽ നാടകത്തിന്റെ കഥ പൊളിയുന്നത്. താൻ ഒളിച്ചോടിയത് ഒപ്പം കസ്‌റ്റഡിയിലെടുത്ത പതിനെട്ടുകാരനൊപ്പമാണെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. അയാൾക്ക് വിവാഹ പ്രായമാകാത്തതിനാൽ സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പൊലീസ് പിടിച്ചാൽ 22 വയസുകാരനായ സുഹൃത്തിനൊപ്പമാണ് വീടുവിട്ടിറങ്ങിയതെന്നു പറയാനായിരുന്നു തീരുമാനം.

പ്രശ്നം ഇത്രയും രൂക്ഷമായിട്ടും 18കാരൻ സത്യം തുറന്നു പറയാൻ മുതിർന്നില്ല. ഇതിന് ശേഷമാണ് സുഹൃത്ത് പൊലീസുകാരുടെ മുന്നിൽ വച്ചു ക്ഷോഭിച്ചത്. അതോടെ യഥാർത്ഥ കാമുകൻ എല്ലാം പറഞ്ഞ് കീഴടങ്ങി. പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോൾ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകാൻ സന്നദ്ധത അറിയിച്ച് ഒപ്പിട്ടു നൽകി. പുറത്തിറങ്ങിയപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ കാമുകനൊപ്പം പോയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA