പറശിനിക്കടവ് പീഡനം: പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവ് സൗഹൃദം സ്ഥാപിച്ചത് അഞ്ജന എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ

Friday 07 December 2018 12:06 PM IST
parassinikadavu-rape-case

തളിപ്പറമ്പ്: പറശിനിക്കടവ് ലോഡ്ജിൽ ഉൾപ്പെടെ 16കാരിയായ പത്താംതരം വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ പിതാവുൾപ്പെടെ 15 പേരെ പിടികൂടി. കേസിൽ മൂന്നുപേർ വിദേശത്തേക്ക് മുങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരെ പിടികൂടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.


കോൾമൊട്ടയിൽ വച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതികളാണ് വിദേശത്തുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചു. പാപ്പിനിശേരിയിലെ ഷിൽഗേഷ്, പഴയങ്ങാടിയിലെ ഷിനു, മാട്ടൂൽ ഹൈസ്‌കൂളിനടുത്ത മന്നൂസ് മുസ്തഫ എന്നിവരാണ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്.


ഇവരുടെ പാസ്‌പോർട്ട് വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങൾ എയർപോർട്ടുകൾക്ക് നൽകിയതായും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാൽ അറിയിച്ചു.
പറശിനിക്കടവിലെ ലോഡ്ജിൽ വച്ച് 16കാരിയെ കൂട്ടമായി പീഡിപ്പിച്ച കേസിൽ അഞ്ചുപേരെയാണ് പൊലീസ് ആദ്യം അറസ്റ്റുചെയ്തത്. ഇവർക്ക് സൗകര്യം ഒരുക്കിയതിന് ലോഡ്ജ് മാനേജർ പവിത്രൻ, മാട്ടൂലിലെ സന്ദീപ്, നടുവിലിലെ ഷംസുദ്ദീൻ, പരിപ്പാടിയിലെ ഷബീർ, നടുവിൽ സ്വദേശി അയൂബ് എന്നിവരാണ് അറസ്റ്റിലായത്.


പെൺകുട്ടിയെ കൂട്ടമായി മാനഭംഗപ്പെടുത്തിയതിന് കുടിയാന്മല, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലെ പൊലീസും കേസെടുത്തിട്ടുണ്ട്. എടക്കാട് പൊലീസിലും പീഡനക്കേസിൽ ഒരാളെ അറസ്റ്റുചെയ്തു. ആകെ 15 കേസുകളാണുള്ളത്. 7പേർ ഇതുവരെ റിമാൻഡിലായി.
2017 ആഗസ്റ്റിന് ശേഷമാണ് പെൺകുട്ടിക്ക് കൂട്ടമായ പീഡനങ്ങളേൽക്കേണ്ടിവന്നതെന്നാണ് പറയുന്നത്.


തളിപ്പറമ്പിൽ 3 കേസുകളിലായി ആറുപേരും വളപട്ടണം സ്റ്റേഷൻ പരിധിയിൽ 6 കേസുകളിലായി 3 പേരും കൂടിയാൻമല പരിധിയിൽ ഒരു കേസിൽ ഒരാളും എടക്കാട് സ്റ്റേഷൻ പരിധിയിൽ ഒരാളും ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി ഉഷസ് ഹൗസിൽ വൈശാഖ് (25), മാട്ടൂൽ നോർത്തിലെ തോട്ടത്തിൽ വീട്ടിൽ ജിതിൻ (30), ആന്തൂർ തളിയിലെ കണ്ടൻചിറക്കൽ ശ്യാം മോഹൻ (25), ഇയാളുടെ ബന്ധു കെ. സജിൻ (25), കുഴിച്ചാലിലെ മൃദുൽ (24), തളിയിലെ ഉറുമി ഹൗസിൽ നിഖിൽ (21), പഴയങ്ങാടി മുട്ടാമ്പ്രത്തെ അബ്ദുൽ സമദ്, തളിയിലെ അക്ഷയ്, പെൺകുട്ടിയുടെ പിതാവ് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


മുഴപ്പിലങ്ങാട് സ്വദേശി ശരത്തിനെ ഈ കേസുമായി ബന്ധപ്പെട്ട് എടക്കാട് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സജീവ പ്രവർത്തകനും പ്രാദേശിക നേതാവുമായ നിഖിൽ, അഞ്ജന എന്ന പേരിൽ ഫേസ് ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച മൃദുൽ, പെൺകുട്ടിയുടെ പിതാവ് എന്നിവരെ തളിപ്പറമ്പ് പൊലീസ് പിടികൂടി വളപട്ടണം പൊലീസിന് കൈമാറുകയായിരുന്നു . വളപട്ടണം സ്റ്റേഷൻ പരിധിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവരെ കൈമാറിയത്. അറസ്റ്റിലായ സന്ദീപ്, ജിതിൻ എന്നിവരുടെ വീടുകളിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം പിടിയിലായ ഷബീറിന്റെ പുതിയ ടൊയോട്ട കാറിലാണ് ഇയാൾ പെൺകുട്ടിയെ കൊണ്ടു പോയത്. ഈ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


2017 ആഗസ്റ്റിനു ശേഷം നാല് മാസങ്ങൾക്കുള്ളിലായാണ് പെൺകുട്ടിയെ സജിനും, ശ്യാം മോഹനും കൂടി പീഡിപ്പിച്ചത്. ജിതിൻ മാട്ടൂലിലെ വീട്ടിലെത്തിച്ചായിരുന്നു പീഡിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം പെൺകുട്ടിയുടെ സുഹൃത്തിന് നേരെ ലൈംഗീകാതിക്രമം നടത്തിയതിന് കണ്ണൂർ വനിതാ പൊലീസ് താളിക്കാവിലെ രാംകുമാറിനെ (28) അന്വേഷിച്ചുവരികയാണ്. ഇയാൾ കോയമ്പത്തൂരിലാണ് ഉള്ളതെന്നാണ് വിവരം. 16കാരിയായ പെൺകുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായ വിവരം പുറത്തുവരികയായിരുന്നു. സംഭവത്തിൽ കരിങ്കൽകുഴിയിലെ ആദർശിനെ (19) പൊലീസ് ഇന്നലെ അറസ്റ്റുചെയ്‌തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA