തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ 2020ലെ യൂത്ത് ഫോട്ടോഗ്രഫി അവാർഡിന് കേരളകൗമുദി കോട്ടയം യൂണിറ്റിലെ ഫോട്ടോഗ്രാഫർ വിഷ്ണു കുമരകം അർഹനായി. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പുരസ്കാരം.
കോട്ടയം താഴത്തങ്ങാടിയിലെ പുഴയിൽ ഉടക്കുവലയിൽ മീൻ പിടിക്കുന്ന തൊഴിലാളി പുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വള്ളത്തിൽ ശേഖരിച്ച് നീക്കം ചെയ്യുന്ന ചിത്രം 2020 ജാനുവരി 23നാണ് പ്രസിദ്ധീകരിച്ചത്. ഒരു മനുഷ്യന്റെ നിസ്വാർത്ഥ സേവനത്തെ ഫോട്ടോയിൽ പകർത്തിയിട്ടുണ്ടെന്ന് ജൂറി വിലയിരുത്തിയതായി കേസരിയിൽ വാർത്താസമ്മേളനത്തിൽ യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് പറഞ്ഞു. ജോമോൻ ടി. ജോൺ ചെയർമാനും മാർട്ടിൻ പ്രക്കാട്ട്, രാധാകൃഷ്ണൻ ചക്യാട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.
കുമരകം കലാക്ഷേത്രത്തിൽ വി.ജി. ശിവദാസ് -ചന്ദ്രികാ ദേവി ദമ്പതികളുടെ മകനാണ് വിഷ്ണു. സി.ഐ.എസ്.എഫ് കൊച്ചി യൂണിറ്റിലെ സബ് ഇൻസ്പെക്ടർ അമിതാ ദാസാണ് ഭാര്യ. അശ്വവർദ്ധൻ വിഷ്ണു, അഗ്നിവേഗ വിഷ്ണു എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |