കാഞ്ഞാർ: സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾ കാഞ്ഞാർ പുഴയിൽ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി ജാസ്മിൻ മൻസിൽ ഫിർദൗസ് (20), ചങ്ങനാശ്ശേരി അറയ്ക്കൽ വീട്ടിൽ അമൻ ഷാബു (23) എന്നിവരാണ് മരിച്ചത്. കാഞ്ഞാർ ടൗണിന് സമീപത്തെ പുഴയിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം. കാഞ്ഞാർ കുന്നുംപുറത്ത് സലീമിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മരിച്ച യുവാക്കളടക്കം നാല് സുഹൃത്തുക്കൾ. ഇതിനിടെ കാഞ്ഞാർ ടൗണിന് സമീപം പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ ഫിർദൗസ് വെള്ളത്തിൽ മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫിർദൗസിനെ രക്ഷിക്കാൻ പിന്നാലെ ചാടിയ അമനും മുങ്ങിത്താണു. ഒപ്പമുള്ള മറ്റ് സുഹൃത്തുക്കൾ ബഹളം വച്ചതോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരെയും കരയ്ക്കെത്തിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജ് വിദ്യാർത്ഥികളായിരുന്നു ഇരുവരും. മരിച്ച ഫിർദൗസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ റിജുവിന്റെ മകനാണ്. തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കാഞ്ഞാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |