ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വൃദ്ധയ്ക്ക് ദാരുണാന്ത്യം
അടൂർ: വീടിന് മുകളിലേക്ക് മെറ്റൽ കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞ് ഉറങ്ങിക്കിടന്ന വൃദ്ധയ്ക്ക് ദാരുണാന്ത്യം. കെ.പി റോഡിൽ പറക്കോട് ഹൈസ്‌കൂൾ ജംഗ്ഷന് സമീപം പീടികയിൽ പരേതനായ ജലീലിന്റെ ഭാര്യ മറിയം ബീവിയാണ് (65) മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട ലോറി റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകർത്താണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഇടത്തും വലത്തുമായി രണ്ടുമുറികൾ ഉള്ള വീടിന്റെ വലതുഭാഗത്തുള്ള മുറിയുടെ വലത്തെ ഭിത്തിയാണ് പൂർണമായും തകർന്നത്. തകർന്ന ഭിത്തിയോട് ചേർന്ന് കട്ടിലിൽ കിടക്കുകയായിരുന്നു മറിയംബീവി. ഭിത്തിയുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ വൃദ്ധയെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്ത് അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ മൊഴിയും രേഖപ്പെടുത്തി.
വീടിന്റെ തിണ്ണയിൽ വർഷങ്ങളായി മുറുക്കാൻക്കട നടത്തിവരുകയായിരുന്നു ഇവർ മക്കളുടെ വിവാഹശേഷം ഒറ്റയ്ക്കായിരുന്നു താമസം. പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കം നടത്തി. മക്കൾ: ഷെൽനി, ഷെൽബി.