തൃക്കാക്കര: മദ്യലഹരിയിൽ ഓടിച്ച കാർ ബൈക്കിലിടിച്ച് ബി.സി.എ വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപാഠി പരിക്കുകളോടെ രക്ഷപ്പെട്ടു. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐ.എം.ജി ജംഗ്ഷനിൽ ഗാന്ധി സ്ക്വയറിന് സമീപമായിരുന്നു അപകടം. പുക്കാട്ടുപടി കെ.എം.ഇ.എ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർത്ഥി പാലക്കാട് പട്ടാമ്പി ആലിക്കൽ വീട്ടിൽ ദിൽഷാദ് (20)ആണ് മരിച്ചത്. കായംകുളം സ്വദേശി പാർത്ഥിപിനാണ് (20) പരിക്ക്.
തിങ്കളാഴ്ച രാത്രി 12 നായിരുന്നു അപകടം. ഒഴിവുസമയങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണ ജോലി ചെയ്താണ് ദിൽഷാദ് പഠിച്ചിരുന്നത്. ഭക്ഷണ വിതരണം കഴിഞ്ഞ് താമസസ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. കളക്ടറേറ്റ് ഭാഗത്ത് നിന്നെത്തിയ ബൈക്കിനെ ഇൻഫോപാർക്ക് ഭാഗത്തു നിന്ന് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. ദിൽഷാദിനെയും ബൈക്കും 50 മീറ്ററോളം നിരക്കി മുനിസിപ്പൽ പാർക്കിന്റെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. പാർത്ഥിപ് തെറിച്ചുവീണതിനാൽ രക്ഷപ്പെട്ടു. ബൈക്ക് പൂർണ്ണമായും തകർന്നു. കാർ ഓടിച്ചിരുന്ന കണ്ണൂർ നാരായണീയം വീട്ടിൽ ഭൈരവ് കുമാറിനെതിരെ നരഹത്യക്ക് കേസെടുത്തു. ഭൈരവ് മദ്യലഹരിയിലാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |