ഇരുപത്തഞ്ചാം വിവാഹ വാർഷിക ആഘോഷത്തിനായി കരിക്കിടാൻ കയറിയ ഗൃഹനാഥൻ വീണ് മരിച്ചു

Saturday 12 January 2019 10:17 AM IST
death

കൽപ്പറ്റ: ഇരുപത്തഞ്ചാം വിവാഹ വാർഷികത്തലേന്ന് ഗൃഹനാഥൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. കോട്ടത്തറ വാളൽ തകിടിയിൽ മാത്യു ( 57 ) ആണ് മരിച്ചത്. മാത്യുവിന്റെയും ഭാര്യ ബെറ്റിയുടെയും ഇരുപത്തഞ്ചാം വിവാഹ വാർഷികമാണ് ശനിയാഴ്ച . ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ക്ഷണിച്ച് വിവാഹ ജൂബിലി ആഘോഷം തീരുമാനിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കരിക്ക് പറിക്കാൻ വീട്ടുമുറ്റത്തെ തെങ്ങിൽ കയറിയ മാത്യു കുഴഞ്ഞ് വീഴുകയായിരുന്നു.

തെങ്ങ് കയറാൻ ഉപയോഗിച്ച യന്ത്രം തെങ്ങിൽ തന്നെയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാൾക്ക് പനി ഉണ്ടായിരുന്നുവത്രെ. മാത്യുവിനെ ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വീട്ടിലെത്തിച്ച് മണിക്കൂറുകൾക്ക് ശേഷം പൊലീസ് പോസ്റ്റ് മോർട്ടം നിർദ്ദേശിച്ചതിനാൽ പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യാസഹോദരൻ ഫാ. അജീഷ് കുഞ്ചറക്കാട്ട് അടക്കമുള്ളവർ ജൂബിലി ആഘോഷങ്ങൾക്ക് എത്തിയിരുന്നു. മക്കൾ: അഞ്ജു പി. മാത്യു ( നഴ്സ് ) അഖിൽ പി.മാത്യു ( ബിരുദ വിദ്യാർത്ഥി ). സംസ്‌കാരം ശനിയാഴ്ച കരിഞ്ഞ കുന്ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.സഹോദരങ്ങൾ: അന്നക്കുട്ടി,ചിന്നമ്മ,ജോസഫ്,എൽസി,മേരി, മോളി,ഫിലിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA