SignIn
Kerala Kaumudi Online
Saturday, 20 April 2024 5.22 AM IST

എൺപതിന്റെ കൊടിയേറ്റത്തിൽ അടൂർ ഗോപാലകൃഷ്ണൻ

adoor

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുതിയ ദൃശ്യഭാഷ എഴുതിച്ചേർത്ത അടൂർ ഗോപാലകൃഷ്ണന് ഇന്ന് 80 വയസ്.

വാണിജ്യ സിനിമയുടെ ചതുരക്കള്ളിയിൽ നിന്നും പുതിയ സംവിധായകർ മാറി സഞ്ചരിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണക്കാരിലൊരാൾ അടൂർ ഗോപാലകൃഷ്ണനാണ്. അടൂരിനെ സംബന്ധിച്ചിടത്തോളം ഇന്ന് എന്നത്തേയും പോലെ കടന്നു പോകും. ''യാതൊരു വിധത്തിലുള്ള അലങ്കാരങ്ങളോ അഹങ്കാരമോ ഇല്ല'' എന്നാണദ്ദേഹം പറയുന്നത്.

പുതിയ സിനിമയെ പറ്റിയൊന്നും പറയാറായിട്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്നവർ ഇപ്പോഴും പുതിയ അടൂർ സിനിമയ്ക്കായി കാത്തിരിക്കുന്നവരാണ്.

''എന്റെ അറിവും എന്റെ അനുഭവങ്ങളുമാണ് എന്റെ സിനിമകൾ. ആ അറിവിൽ നിന്നു കൊണ്ട് സിനിമ ഒരുക്കുമ്പോൾ അത് വ്യത്യസ്തമായ സിനിമയാണെന്ന് പറയുന്നത് മറ്റുള്ളവരാണ്.'' അടൂർ 'കേരളകൗമുദി 'യോട് മനസ് തുറക്കുന്നു.

സർക്കാർ ചെയ്യേണ്ട പണിയല്ല ഒ.ടി.ടി


ഇപ്പോഴത്തെ ഗതികേടിൽ നിന്ന് ഉണ്ടായതാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ. ഗുണമേന്മയുള്ള സിനിമകൾക്കാണ് ഒ.ടി.ടിയിൽ എന്തെങ്കിലും സാദ്ധ്യതയുള്ളത്. കച്ചവട സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ കാണിച്ചാൽ മുതൽമുടക്ക് തിരിച്ചു കിട്ടണമെന്നില്ല. മുടങ്ങിക്കിടക്കുന്ന മൂലധനം അല്പമെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഒ.ടി.ടി റിലീസിന് നിർമ്മാതാക്കൾ മുതിരുന്നത്.

ഒ.ടി.ടിപ്ലാറ്റ് ഫോം ഒരുക്കുക സർക്കാർ ചെയ്യേണ്ട പണിയല്ല. ഇപ്പോഴത്തെ അവസ്ഥമാറുമ്പോൾ തിരഞ്ഞെടുത്ത നല്ല സിനിമകൾ സർക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ് വേണ്ടത്. ഒ.ടി.ടി പ്ലാറ്റ് ഫോമിലെ റിലീസ് സർക്കാരിന്റെ തന്നെ തിയേറ്ററുകൾക്ക് വിനയാകും.

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്‌...

വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകൾ'ക്ക് മുമ്പ് സിനിമായാക്കാൻ ആലോചിച്ചത് അദ്ദേഹത്തിന്റെ തന്നെ

'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്‌' ആയിരുന്നു. പിന്നീട് മതിലുകളിലേക്ക് മാറുകയായിരുന്നു.

ഒന്നാന്തരം സാഹിത്യകൃതിയാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്‌. അക്കാലത്തെ മുസ്ലിങ്ങളുടെ ജീവിതശൈലിയെയും പിന്നാക്കാവസ്ഥയെയും പശ്ചാത്തലമാക്കിയുള്ള കൃതിയാണത്. ഇന്നിപ്പോൾ സിനിമയെന്ന നിലയിൽ ആ പ്രമേയത്തിന് പ്രസക്തികുറവാണ്.

മതിലുകളിലേതാകട്ടെ ആഗോള പ്രസക്തിയുള്ള പ്രമേയമാണ്. ലോകത്ത് എവിടേയും ഏതു കാലത്തും പ്രസക്തമാണ്.

ലളിതയെ പോലെ മറ്റൊരാളില്ല

'മതിലുകളി'ൽ ശബ്ദത്തിൽ മാത്രമാണ് നാരായണി എന്ന നായിക അവതരിപ്പിക്കപ്പെടുന്നത്. സിനിമയിലും അങ്ങനെ തന്നെ. അവരുടെ ശബ്ദം കെ.പി.എ.സി ലളിതയുടേതായതുകൊണ്ട് മലയാളി പ്രേക്ഷകർക്ക് അവരുടെ രൂപം കൂടി ഓർമ്മ വന്നു എന്ന പരാതി അർത്ഥശൂന്യമാണ്.

വിമർശനം ഉന്നയിക്കുന്നവ‌രോട് ചോദിക്കട്ടെ,​ ഇപ്പുറത്തു നിൽക്കുന്നത് യഥാർത്ഥ ബഷീറാണോ?​ അല്ലല്ലോ. മമ്മൂട്ടിയല്ലേ. അത് സമ്മതിക്കുന്നുണ്ടല്ലോ. നോവലിനെ പോലെ ആകണമെങ്കിൽ ബഷീറിനെ തന്നെ കൊണ്ടുവന്ന് നിറുത്തേണ്ടേ. ശബ്ദം തിരിച്ചറിയുന്നത് കൊണ്ട് കുഴപ്പമെന്താണ്?​ ലളിതയെ പോലെ ആ കഥാപാത്രത്തിന് ശബ്ദം നൽകാൻ മലയാള സിനിമയിൽ വേറെയാരും ഇല്ല. ആ കഥാപാത്രത്തിനായി ഞാൻ 29 പേരെ ഓ‌ഡിഷൻ ചെയ്തു. നാടക നടികളെ ഉൾപ്പെടെ.

ആ ശബ്ദത്തിലൂടെ നാരായണിയുടെ ജീവിതവും അവളുടെ വശീകരണ പാടവവും എല്ലാം വരണം. അതിന് ലളിതയെ പോലെ കഴിവുള്ള വേറൊരാളില്ല.

എന്തിനാണ് വോട്ട് ചെയ്ത ജനത്തെ ഭയക്കുന്നത്

സെൻസറിംഗ് തന്നെ തെറ്റാണ്. സെൻസറിംഗ് നടത്തിയതിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ പോകാനായി അപ്പലേറ്റ് അതോറിട്ടി ഉണ്ടായിരുന്നത് സിനിമാ പ്രവർത്തകർ പോലും അറിയാതെ തന്നെ അടുത്തകാലത്ത് നിറുത്തലാക്കി. ഇതോടെ സെൻസർ ഓഫീസർ നിശ്ചയിക്കുന്നതാണ് അന്തിമം. ഇതിനെക്കാൾ മോശമായ നിലപാടാണ് സെൻസർ ചെയ്ത സിനിമകളെ വീണ്ടും സെൻസർ ചെയ്യാൻ സർക്കാരിന് അധികാരം കൊടുക്കുന്ന വകുപ്പ്. എന്തിനാണ് വോട്ട് ചെയ്ത ജനത്തെ ഭയക്കുന്നത് ? ഇവിടെയാരും രാജ്യതാത്പര്യത്തിനെതിരായി സിനിമ ചെയ്യുന്നില്ല. സെൻസർ ഓഫീസർ സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ,​ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുന്നത് എന്തിനാണ്. സർക്കാർ ഉദ്യോഗസ്ഥന്റെ തീരുമാനങ്ങളെ മറികടക്കാൻ വേറൊരു സർക്കാർ സംവിധാനമോ?​മലയാള സിനിമയുടെ ഉന്നതിക്കായി നിർദേശിക്കപ്പെട്ട സമിതി ആവശ്യമായ ശുപാർശകൾ ഉൾപ്പെടുന്ന റിപ്പോർട്ട് സമർപ്പിച്ചിട്ട് വർഷങ്ങളായി. അത് സത്വരമായി നടപ്പിലാക്കുകയാണ് വേണ്ടത്.

കച്ചവട സിനിമയിൽ എല്ലാവർക്കും സ്പീഡാണ്

മലയാള സിനിമയിൽ എല്ലാവരും ഓടിക്കൊണ്ടിരിക്കുകയാണോല്ലോ! കച്ചവട സിനിമ കണ്ടാൽ ഒരു കാര്യം വ്യക്തമാകും. എല്ലാവരും സ്പീഡിലാണ് സംസാരിക്കുന്നത്,​ നടക്കുന്നത്,​ പെരുമാറുന്നത്. മറ്റ് സെറ്റുകളിൽ നിന്ന് എന്റെ സിനിമയിൽ അഭിനയിക്കാൻ എത്തുന്നവരെ സാധാരണ സ്പീഡിലേക്ക് കൊണ്ടു വരാൻ ഒരുദിവസമെടുക്കും. എന്റെ സിനിമയിൽ കഥാപാത്രങ്ങൾ നടക്കുന്നതും സംസാരിക്കുന്നതും പെരുമാറുന്നതും സാധാരണ മട്ടിലാണ്. മറ്റ് സിനിമകൾ കണ്ട് ശീലിച്ച കാഴ്ചക്കാർ കൃത്രിമമായ അമിത വേഗതയുമായി പെരുത്തപ്പെട്ടു കഴിഞ്ഞു. ഇത് ഒരു ദുരന്തം തന്നെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.