SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.29 PM IST

നിയമസഭയിൽ... അറിയാനും അറിയിക്കാനും കുഴൽനാടൻ യുക്തി

ass

ശ്രീനാരായണ ഗുരു വചനം കടമെടുത്തിട്ടാണെങ്കിലും 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും വേണ്ടിയാണ്' നിയമസഭ എന്നുള്ള തന്റെ വിശ്വാസം മൂവാറ്റുപുഴയിൽ നിന്ന് ആദ്യമായി വിജയിച്ചെത്തിയ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

അദ്ദേഹം ഒരു തികഞ്ഞ താർക്കികനാണെന്ന് ആദ്യപ്രകടനത്തിൽ തെളിഞ്ഞു. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനും ക്രോഡീകരിക്കാനുമുള്ള കേരള സാംക്രമിക രോഗങ്ങൾ ബില്ലിലാണ് കുഴൽനാടൻ ഇടപെട്ടത്.

1897ലെ തിരു-കൊച്ചി രാജ്യത്തുണ്ടായിരുന്ന എപിഡമിക് ഡിസീസ് ആക്ടും കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പാസ്സാക്കിയ എപിഡമിക് ആക്ടുമെല്ലാം കൈയിൽ പിടിച്ചായിരുന്നു കുഴൽനാടന്റെ വരവ്. കഴിഞ്ഞ വർഷം കേന്ദ്രസർക്കാരും ഇതേ മോഡൽ നിയമം പാസ്സാക്കിയിരിക്കെ, സംസ്ഥാനസർക്കാർ മറ്റൊരു നിയമവുമായെത്തിയാൽ നിലനിൽക്കില്ലെന്നാണ് വാദം. ഒരേ വിഷയത്തിൽ രണ്ട് നിയമവും രണ്ട് ശിക്ഷയും നിർദ്ദേശിക്കപ്പെട്ടാൽ സംസ്ഥാനത്ത് ഏത് നിയമപ്രകാരം കേസെടുക്കുമെന്ന സ്വാഭാവികസംശയം അദ്ദേഹത്തിനുണ്ടായി.

രണ്ട് താർക്കികർ കൊമ്പുകോർത്താൽ രണ്ടിലാര് ജയിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. ഏറ്റുമുട്ടിയത് താർക്കികയായ ആരോഗ്യമന്ത്രി വീണ ജോർജിനോടാണ്. വാദിക്കാനോ ജയിക്കാനോ അല്ലെന്ന് വ്യക്തമാക്കിയെങ്കിലും ജയം കുഴൽനാടൻ ആഗ്രഹിച്ച മട്ടായിരുന്നു.

പക്ഷേ മന്ത്രി കടുകിട വിട്ടുകൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. മൂവാറ്റുപുഴ അംഗം പറഞ്ഞത് സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരുപോലെ അധികാരപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങൾക്കാണെന്നവർ തർക്കിച്ചു. ഇവിടെ പൊതുജനാരോഗ്യ വിഷയമാണ്. അത് പൂർണ്ണമായും സംസ്ഥാന വിഷയമാണ്.

1897ലെ തിരു-കൊച്ചി എപിഡമിക് ഡിസീസ് ആക്ടിനെ അടിസ്ഥാനപ്പെടുത്തിയല്ലേ രണ്ടുമെന്നായി കുഴൽനാടൻ. അതിനെ നമ്മളിവിടെ തൊടുന്നില്ലെന്ന് മന്ത്രിയും. തർക്ക-വിതർക്കങ്ങൾ മുന്നേറിയപ്പോൾ പതിവനുസരിച്ചുള്ള തീയും പുകയുമൊക്കെ ഉയരുമെന്നായി. ഭരണപക്ഷത്ത് അസ്വസ്ഥത പുകഞ്ഞുതുടങ്ങി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സന്ദർഭോചിതമായി ഇടപെട്ടു. അക്കാഡമിക് ആയ ചർച്ചയിൽ അംഗങ്ങൾ നല്ല വാദമുഖങ്ങൾ അവതരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്നദ്ദേഹം പറഞ്ഞു.

ബില്ലിലെ വ്യവസ്ഥകൾക്ക് കേന്ദ്രനിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകളോട് വൈരുദ്ധ്യമുണ്ടെങ്കിൽ പോലും സംസ്ഥാനലിസ്റ്റിൽ പരാമർശിച്ച വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ സംസ്ഥാനനിയമസഭയ്ക്ക് അധികാരമുണ്ടെന്ന് സ്പീക്കർ എം.ബി. രാജേഷ് വിവക്ഷിച്ചു. കുഴൽനാടൻ അടങ്ങി.

ലക്ഷണമൊത്ത താർക്കികനായ കെ. ബാബുവിനും (തൃപ്പൂണിത്തുറ) ഉണ്ടായി ക്രമപ്രശ്നം. ബില്ല് പെട്ടെന്നവതരിപ്പിച്ച് അന്നുതന്നെ പാസ്സാക്കുന്നതിൽ ജനാധിപത്യ അവകാശ ധ്വംസനമാണ് ബാബു ദർശിച്ചത്. സാധാരണ ബില്ലുകളവതരിപ്പിച്ചാൽ സബ്ജക്ട് കമ്മിറ്റികളുടെ പരിഗണനയ്ക്ക് വിട്ടശേഷമാണ് തിരിച്ചെത്തി പാസ്സാക്കുന്നത്. ബില്ലിന്മേൽ വിശദമായ പൊതുചർച്ചയ്ക്ക് അവസരം നിഷേധിക്കാൻ മാത്രം ധൃതിയെന്താണെന്നാണദ്ദേഹത്തിന്റെ ചോദ്യം.

സഭയിൽ സർക്കാർകാര്യം നടത്തിക്കൊടുക്കാൻ കിട്ടിയ ഒരേയൊരു ദിവസത്തെ ഫലപ്രദമായി വിനിയോഗിക്കാനും പുതിയ അംഗങ്ങൾക്ക് നിയമനിർമ്മാണപ്രക്രിയയെ പരിചയപ്പെടുത്താനുമുള്ള സദുദ്ദേശം മാത്രമേ ഉള്ളൂവെന്ന് സ്പീക്കർ വാദിച്ചു. സബ്ജക്ട് കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല. ഇങ്ങനെ പാസ്സാക്കാമെന്ന് കാര്യോപദേശകസമിതി തീരുമാനിച്ചതുമാണ്. സബ്ജക്ട് കമ്മിറ്റി ഉണ്ടായപ്പോൾ പോലും അവയ്ക്ക് വിടാതെ സഭ ബില്ലുകൾ പാസ്സാക്കിയ പൂർവ്വകാല ചരിത്രവും സ്പീക്കർ ഓർമ്മിപ്പിക്കാതിരുന്നില്ല. ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്ന് ചുരുക്കം. അല്ലെങ്കിൽ ചെരിപ്പിനനുസരിച്ച് കാല് മുറിക്കാമെന്നും!

സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ബിൽ പാസ്സാക്കാനായി ചട്ടത്തിൽ ഭേദഗതിയാവശ്യപ്പെടുന്ന പ്രമേയത്തിലൊരു പിശക്, ചട്ടങ്ങളെയെല്ലാം സൂക്ഷ്മദർശിനി വച്ച് അളക്കാറുള്ള പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കണ്ടെത്തി. ഭേദഗതിയാവശ്യപ്പെടുകയല്ല, സസ്പെൻഡ് ചെയ്യലാണുത്തമമെന്ന് അദ്ദേഹം ധരിപ്പിച്ചു. ബാബുവിനെയും കുഴൽനാടനെയും തള്ളിയ സ്പീക്കർ പ്രതിപക്ഷനേതാവിനെ കൈയോടെ അംഗീകരിച്ചു. അതാണാ കെമിസ്ട്രി!

സാംക്രമികരോഗങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാനത്തിനാകെ ബാധകമാകുന്ന നിയമമാണ് ബില്ലിലൂടെ ഉദ്ദേശം. സംസ്ഥാനത്ത് മനുഷ്യാവകാശങ്ങളെ വൻതോതിൽ ധ്വംസിക്കുന്ന നിയമമാണിതെന്ന് പി.സി. വിഷ്ണുനാഥ് ആശങ്കപ്പെട്ടു. കേരളത്തെ പൂർണ്ണമായും പൊലീസ് സ്റ്റേറ്റ് ആക്കാനുതകുമത്രെ ഇത്. കൊറോണയെന്ന കുഞ്ഞുവൈറസിന് മുന്നിൽ എല്ലാവരും പകച്ച് നിന്നപ്പോൾ എൻ.എ. നെല്ലിക്കുന്നിന് ബോദ്ധ്യപ്പെട്ടു: മനുഷ്യൻ എത്ര നിസ്സാരൻ!

കൊവിഡ് പരിശോധനയിൽ നെഗറ്റീവായാലും ക്ഷീണവും അസ്വസ്ഥതകളും കാരണം ആളുകൾ മരിക്കുന്നതിനാൽ അത് കൊവിഡ് കേസിൽ പെടുത്തണമെന്നായിരുന്നു കുറുക്കോളി മൊയ്തീന്റെ അഭ്യർത്ഥന. മരണനിരക്ക് കുറച്ച് കാണിക്കരുതെന്നദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രിയായ ശേഷം വി. ശിവൻകുട്ടി തികഞ്ഞ പക്വമതിയും സമാധാനകാംക്ഷിയുമാണ്. പുതിയ ഓൺലൈൻ വിദ്യാഭ്യാസത്തിലെ പാകപ്പിഴകൾ റോജി എം.ജോണിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രകോപിപ്പിക്കാൻ നോക്കിയിട്ടും മന്ത്രി ശിവൻകുട്ടി ഉലഞ്ഞില്ല. ഇതൊരു പുതിയ വിദ്യാഭ്യാസരീതിയായതിനാൽ കുറവുകളുണ്ടാകാമെന്നാണ് മന്ത്രിമതം. കുറവുകളില്ലാതാക്കി പരമാവധി എല്ലാ കുട്ടികൾക്കും സൗകര്യമൊരുക്കാനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം പ്രകടമാക്കി.

അതീവ ഗുരുതരമായ ഡിജിറ്റൽ ഡിവൈഡ് സംസ്ഥാനത്തുണ്ടായിയെന്ന് റോജി പരിതപിച്ചു. ഓൺലൈൻ പഠനം കഴിഞ്ഞ വർഷം തുടങ്ങേണ്ടിവന്നെങ്കിലും, കടന്നുപോയ വെക്കേഷൻകാലത്ത് ആ പഠനസമ്പ്രദായത്തിലെ കുറവുകളെപ്പറ്റി പഠിക്കേണ്ടതായിരുന്നില്ലേയെന്ന് പ്രതിപക്ഷനേതാവ് ചോദിക്കാതിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.