തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി.
ഓൺലൈൻ സംവിധാനം പൂർണമായി നടപ്പാക്കാത്തതു കാരണം വകുപ്പിനെക്കുറിച്ച് പരാതികൾ കൂടിയതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. കാലാകാലങ്ങളിലുള്ള ഫീസ് നിരക്കുകൾ വ്യക്തമായി ജനങ്ങളെ അറിയിക്കാനുള്ള സംവിധാനം ഓഫീസിലും വെബ്സൈറ്റിലും ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ മനഃപൂർവ്വം വൈകിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീൺ ബാങ്കിൽ സർക്കാരിന്റെ ഓഹരി വർദ്ധിപ്പിക്കും
തിരുവനന്തപുരം: കേരള ഗ്രാമീൺ ബാങ്കിൽ സംസ്ഥാന സർക്കാരിന്റെ ഓഹരി മൂലധനം വർദ്ധിപ്പിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നിലവിൽ 8.41കോടിയാണ് ബാങ്കിന്റെ മൂലധനം. റിസർവ് ബാങ്ക് ചട്ടപ്രകാരം മൂലധന പര്യാപ്തത 9ശതമാനം വേണ്ടിടത്ത് 6.67ശതമാനമേയുള്ളൂ. ഇത് വായ്പ നൽകാനും ബാങ്കിന്റെ പ്രവർത്തനങ്ങൾക്കും തടസമാണ്. കേന്ദ്ര ഓഹരി 310കോടിയായും കനറാ ബാങ്കിന്റേത് 214കോടിയായും വർദ്ധിപ്പിക്കണം. ഇതിന് ആനുപാതികമായി സംസ്ഥാനത്തിന്റെ 1.26കോടിയുടെ ഓഹരി 93.01 കോടിയാക്കേണ്ടി വരും. ഓഹരി മൂലധനം വർദ്ധിപ്പിച്ച് ബാങ്കിനെ ശക്തിപ്പെടുത്തുമെന്നും ടി.പി. രാമകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |