ആറ്റുകാൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി, ആത്മീയനിർവൃതിയിൽ ഭക്തലക്ഷങ്ങൾ,​ അനന്തപുരിക്ക് ഉത്സവനാളുകൾ

Wednesday 13 February 2019 12:00 AM IST

attukal-pongala

തിരുവനന്തപുരം: കുരുത്തോലപ്പന്തലിൽ കണ്ണകീചരിതം തോറ്റംപാട്ടായി ശ്രുതിചേർക്കെ ശ്രീകോവിലിൽ ദേവിയുടെ ഉടവാളിലും മേൽശാന്തിയുടെ കൈയിലും കാപ്പുകെട്ടി ആറ്റുകാലമ്മയെ കുടിയിരുത്തി. ഭക്തലക്ഷങ്ങൾ മഹനീയമാക്കിയ ആറ്റുകാൽ പൊങ്കാലമഹോത്സവത്തിന് ഇതോടെ തുടക്കമായി.

ഇന്നലെ രാത്രി 10.20നാണ് ദേവിയുടെ ഉടവാളിൽ മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിയും മേൽശാന്തിയുടെ കൈയിൽ തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടും കാപ്പുകെട്ടിയത്. ദേവിക്കു കാപ്പു നിർമ്മിക്കുന്നതിന് അവകാശമുള്ള നെടിയവിള കുടുംബത്തിൽനിന്നാണ് പഞ്ചലോഹനിർമ്മിതമായ കാപ്പും നാരും ക്ഷേത്രത്തിലെത്തിച്ചത്. തോറ്റംപാട്ടിൽ കൊടുങ്ങല്ലൂരമ്മയെ ക്ഷണിക്കുന്ന ഭാഗം എത്തിയപ്പോൾ വാദ്യമേളങ്ങളും കതിനവെടിയും മുഴങ്ങി. ഭക്തജനങ്ങൾ അമ്മേശരണം,​ ദേവീശരണം എന്ന് മനസുരുകി പ്രാർത്ഥിച്ച് കൈകൂപ്പി. തുടർന്നാണ് കാപ്പുകെട്ട് ചടങ്ങ് നടന്നത്.

ഒൻപതാം ഉത്സവദിവസമായ 20നാണ് പ്രസിദ്ധമായ പൊങ്കാല. പൊങ്കാല അർപ്പിക്കാൻ 40 ലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ കണക്കുകൂട്ടൽ. ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ ക്ഷേത്രത്തിൽ അവലോകനയോഗം ചേർന്നു. കലാപരിപാടികൾ വൈകിട്ട് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

ഇന്നുമുതൽ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിളക്കുകെട്ടുകൾ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. ഉത്സവത്തിന്റെ മൂന്നാംദിവസമായ നാളെ മുതൽ കുത്തിയോട്ട വ്രതം ആരംഭിക്കും. 815 കുത്തിയോട്ടങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാവിലെ 10.15ന് അടുപ്പ് വെട്ടോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. രാത്രി 7.30ന് കുത്തിയോട്ടത്തിനുള്ള ബാലൻമാർക്ക് ചൂരൽകുത്ത് ആരംഭിക്കും. രാത്രി 11.15നാണ് പുറത്തെഴുന്നള്ളിപ്പ്. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പൊലീസ് കൺട്രോൾ റൂം ഇന്നലെ തുറന്നു. നഗരത്തിൽ സി.സി ടിവി നിരീക്ഷണവും ബൈക്ക് പട്രോളിംഗും കർശനമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA