SignIn
Kerala Kaumudi Online
Friday, 19 April 2024 4.41 AM IST

അയിഷയ്ക്ക് മുൻകൂർ ജാമ്യം,​ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം ബാധകമാവില്ല: ഹൈക്കോടതി

aisha

കൊച്ചി: ലക്ഷദ്വീപിൽ കേന്ദ്രം ജൈവായുധം പ്രയോഗിച്ചുവെന്ന ചാനൽചർച്ചയിലെ വിവാദ പരാമർശത്തിന്റെ പേരിൽ ചലച്ചിത്ര സംവിധായിക അയിഷ സുൽത്താനയ്ക്കെതിരെ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം ബാധകമാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിനു പിന്നാലെ കവരത്തി സ്റ്റേഷനിൽ വിളിച്ചുവരുത്തി അന്വേഷണ സംഘം അവരുടെ ഫോൺ കസ്റ്റഡിയിലെടുത്തു. നോട്ടീസ് നൽകി വിളിച്ചുവരുത്തിയെങ്കിലും ഇന്നലെ ചോദ്യം ചെയ്യലുണ്ടായില്ല. ഇന്ന് കൊച്ചിയിലേക്ക് മടങ്ങാനിരിക്കെയാണ് പൊലീസ് നടപടി.

വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിനുശേഷം കൊച്ചിയിലേക്ക് മടങ്ങാൻ അയിഷയ്ക്ക് പൊലീസ് അനുമതി നൽകിയിരുന്നു.

കേസിൽ ഹൈക്കോടതി അയിഷയ്ക്ക് മുൻകൂർജാമ്യവും അനുവദിച്ചു. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥചെയ്തു വിട്ടയക്കാൻ ജസ്റ്റിസ് അശോക് മേനോൻ നിർദ്ദേശിച്ചു.നേരത്തെ ഈ കേസിൽ അയിഷയ്ക്ക് ഇതേ വ്യവസ്ഥകളോടെ ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇക്കഴിഞ്ഞ 20ന് ചോദ്യംചെയ്യലിന് ഹാജരാകാൻ കവരത്തി പൊലീസ് നോട്ടീസ് നൽകിയതോടെയാണ് അയിഷ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം,​ അയിഷയെയും അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇനിയും ചോദ്യംചെയ്യുമെന്ന് കവരത്തി പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. അമ്മാവൻ ആശുപത്രിയിലാണെന്ന് പറഞ്ഞതിനാലാണ് കൊച്ചിക്കു പോകാൻ അനുമതി നൽകിയത്.

ഉമ്മയുടെ നമ്പർപോലും എടുക്കാൻ സമ്മതിച്ചില്ല

ഇന്നലെ രാവിലെ ചെന്നയുടൻ പൊലീസ് ഫോൺ വാങ്ങിവയ്ക്കുകയായിരുന്നു. ഉമ്മയുടെയും സഹോദരന്റെയും നമ്പർ എഴുതിയെടുക്കാൻപോലും അനുവദിച്ചില്ല. 4 മണിക്കൂറിലേറെ സ്റ്റേഷനിൽ വെറുതെ ഇരുത്തി. ഹൈക്കോടതി മുൻകൂ‌ർ ജാമ്യം നൽകിയതിന് പിന്നാലെ ഫോൺ പിടിച്ചുവച്ചതിന്റെ കാരണം അറിയില്ല. 12.15 മുതൽ 4.30 വരെ ഇരുന്നിട്ടും ആഹാരംപോലും തന്നില്ല. തുടർചോദ്യം ചെയ്യലിനെപ്പറ്റി പറഞ്ഞിട്ടില്ല.

അയിഷ സുൽത്താന

ഹൈക്കോടതി പറഞ്ഞത്

ഹർജിക്കാരി കേന്ദ്രസർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടെന്ന് പ്രഥമദൃഷ്‌ട്യാ കരുതാനാവില്ല. ചാനൽചർച്ചയിൽ നടത്തിയ പരാമർശത്തിൽനിന്ന് വാക്കുകൾ അടർത്തിയെടുത്ത് ഹർജിക്കാരിക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് പറയാനാവില്ല. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ കൊവിഡ് പ്രോട്ടോക്കോൾ വ്യവസ്ഥകളിൽ വരുത്തിയ മാറ്റങ്ങളെ വിമർശിക്കാനാണ് ഹർജിക്കാരി ശ്രമിച്ചത്. രാജ്യത്തിനെതിരെ വിദ്വേഷവും വെറുപ്പും വളർത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയാണ് ഇന്ത്യൻശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഈ കേസിൽ അങ്ങനെയൊന്നും ചെയ്തതായി കാണുന്നില്ല. ഒരു പ്രത്യേക മത - ജാതി വിഭാഗത്തിനിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റവും നിലനിൽക്കുമോയെന്ന് സംശയമാണ്. ദേശീയ താത്പര്യത്തിന് വിരുദ്ധമായതോ വ്യക്തികൾക്കിടയിൽ സ്പർദ്ധവളർത്തുന്നതോ ആയ സൂചനകളൊന്നും പരാമർശത്തിലില്ല. മാത്രമല്ല പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യുകയോ തടവിലാക്കുകയോ ചെയ്യേണ്ടതില്ല.

ഓലമടൽ സമരം

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഓലമടൽ സമരവുമായി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച രാവിലെ 9ന് വീടുകളിൽ സ്വന്തംപറമ്പിലെ ഓലയും മടലും ഇട്ട് അതിന്റെ പുറത്തിരുന്ന് സമരം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYESHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.