കൊല്ലം: ഡ്യൂക്ക് ബൈക്കിൽ മരണപ്പാച്ചിലിനിടെ എഴുന്നേറ്റു നിന്ന് സെൽഫിയെടുക്കുമ്പോൾ എതിരെ വന്ന ബുള്ളറ്റിൽ ഇടിച്ച്, യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
ബൈക്ക് ഓടിച്ച പത്തനംതിട്ട വടക്കേരം പ്രതിഭാ സദനത്തിൽ ആരോമൽ (19), ബുള്ളറ്റ് യാത്രക്കാരനായ എം.ബി.എ വിദ്യാർത്ഥി വാളകം ശ്രീനിലയത്തിൽ അശ്വന്ത് കൃഷ്ണൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെ എം.സി റോഡിൽ വാളകത്തിനടുത്ത് പൊലിക്കോടായിരുന്നു അപകടം.
കൊട്ടാരക്കര ഭാഗത്തേക്ക് നാല് ഡ്യൂക്ക് ബൈക്കുകളിലാണ് യുവാക്കൾ നാട്ടുകാരെ ഭയപ്പെടുത്തി ചീറിപ്പാഞ്ഞത്. നാലിനും നമ്പർ പ്ളേറ്റുണ്ടായിരുന്നില്ല. ആയൂരിൽ പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെയുള്ള പാച്ചിലായിരുന്നു. മുന്നിൽ പോയ ആരോമൽ സെൽഫിക്ക് ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ആദ്യം ബുള്ളറ്റിലും പിന്നെ ഒരു കാറിലും റോഡരികിൽ പാർക്ക് ചെയ്ത മറ്റൊരു ബൈക്കിലും ഇടിച്ചു. റോഡിലൂടെ ബൈക്കും യുവാവും നിരങ്ങി നീങ്ങുകയും ബൈക്ക് ഒരു കടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ബൈക്കും ബുള്ളറ്റും പൂർണമായും തകർന്നു.
വലതുകാലിന് രണ്ട് ഒടിവ് പറ്റിയ അശ്വന്തിനെ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലും ആരോമലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |