തിരുവനന്തപുരം: ഒരുമാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം ഉടൻതന്നെ മടങ്ങുമെന്ന് റിപ്പോർട്ട്. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയത്തോടടുക്കുകയാണെന്നാണ് അറിയുന്നത്. ബ്രിട്ടനിൽ നിന്നുള്ള പതിനാലംഗ വിദഗ്ദ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുന്നത്. എഫ്-35 വിമാനം നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിന്റെ സാങ്കേതിക വിദഗ്ദ്ധരും സംഘത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്. ചാക്കയിലെ രണ്ടാം നമ്പർ ഹാംഗറിനുള്ളിൽ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ്-35 സൂക്ഷിച്ചിരിക്കുന്ന പ്രദേശം മറച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയുടേയോ സാങ്കേതിക വിദഗ്ദ്ധരുടെയോ സഹായം അറ്റകുറ്റപ്പണിക്ക് ആവശ്യപ്പെട്ടിട്ടില്ല. പൂർണമായും രഹസ്യ സ്വഭാവത്തിലാണ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്.
ജൂൺ 14നാണ് ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ബ്രിട്ടീഷ് പാർലമെന്റിൽ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചർച്ചയായി. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് അധികൃതർ സമ്മതിച്ചത്. അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക് മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു. അമേരിക്കൻ നിർമിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുൾപ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാൽ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക് മാറ്റാതിരുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാൻ വഴിയില്ലാതെ വന്നതോടെയാണ് ഇതിന് ബ്രിട്ടൺ വഴങ്ങിയത്.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാറാണെന്ന സൂചനയാണ് പുറത്തുവന്നിരുന്നത്. എന്നാൽ, ഒക്സിലറി പവർ യൂണിറ്റിനും തകരാറുണ്ടെന്നാണ് സൂചന. ശബ്ദത്തെക്കാൾ 1.6 മടങ്ങ് വേഗവും ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിച്ചു പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയുമുള്ള യുദ്ധവിമാനമാണ് തിരുവനന്തപുരത്ത് കിടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |