SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.37 PM IST

പ്രതിസന്ധി കാലത്തേക്ക് കണ്ണ് നട്ടും രാഷ്ട്രീയം പാകത്തിന് ചേർത്തും

budjet

തിരുവനന്തപുരം: കൊവിഡ് കാല പ്രതിസന്ധിയിലേക്ക് യാഥാർത്ഥ്യബോധത്തോടെ കടന്നുചെല്ലാനുള്ള ശ്രമമാണ് രണ്ടാം പിണറായി സർക്കാരിലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കന്നി ബഡ്ജറ്റിലൂടെ നടത്തിയിരിക്കുന്നത്.

ചങ്ങാത്ത മുതലാളിത്തത്തിലൂന്നിയുള്ള വലതുപക്ഷ കാഴ്ചപ്പാടിന് ബദലായി, ഇടതുപക്ഷശീലങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുന്നുവെന്ന് സ്ഥാപിക്കാനും ശ്രമിക്കുന്നു. അപ്പോഴും അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി പോലൊരു നവലിബറൽ സംവിധാനത്തെയാണ് പുൽകുന്നത് . സുസ്ഥിര വികസനമെന്ന ഇടതുസങ്കല്പത്തെ കൈയൊഴിയുന്നില്ലെന്നും ആരോഗ്യ, സാമൂഹ്യ വികസന ഊന്നലുകൾ വഴി പ്രഖ്യാപിക്കുന്നു.

കവിതകളും സാഹിത്യശകലങ്ങളും ഉദ്ധരണികളും കുത്തിനിറച്ച് വലിച്ചുനീട്ടി കാട് കയറാതെ, പറയാനുള്ളത് കാച്ചിക്കുറുക്കി അവതരിപ്പിച്ചാണ് ബാലഗോപാൽ, തന്റെ മുൻഗാമി തോമസ് ഐസകിൽ നിന്ന് വ്യത്യസ്തനായത്. ക്ഷേമ, വികസന പദ്ധതികളിലൂടെ പ്രതിസന്ധികാലത്ത് ജനത്തെ കൈയിലെടുത്ത ഫോർമുല ബഡ്ജറ്റിലും പ്രകടമാക്കാനുള്ള ശ്രമമുണ്ട്. കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെ അനിഷേദ്ധ്യ നായിക കെ.ആർ.ഗൗരി അമ്മയ്ക്കൊപ്പം, പ്രായോഗിക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ ആർ. ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകനിർമ്മാണത്തിൽ തുല്യപരിഗണന . മാർത്തോമ്മാ സഭ അദ്ധ്യക്ഷനായിരുന്ന മാർ ക്രിസോസ്റ്റത്തിന്റെ പേരിൽ എം.ജി സർവ്വകലാശാലയിൽ ചെയർ .

ഭരണത്തുടർച്ച സമ്മാനിച്ച ജനവിധിയെപ്പറ്റി പത്ത് പേജുകളിലാണ് ധനമന്ത്രി വാചാലനാകുന്നത്. പ്രതിപക്ഷത്തിന് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിച്ചോ, മാദ്ധ്യമങ്ങളെ അധികാരമുപയോഗിച്ച് നിശ്ശബ്ദരാക്കിയോ അല്ല ഭരണത്തുടർച്ചയുണ്ടായതെന്ന പരാമർശം ശ്രദ്ധേയം. കൺകെട്ട് വിദ്യകൾ അതിജീവിക്കാൻ ജീവിതാനുഭവങ്ങൾക്ക് കഴിയുമെന്ന യാഥാർത്ഥ്യമുൾക്കൊള്ളാൻ പ്രതിപക്ഷത്തെയും ഓർമ്മിപ്പിക്കുന്നു. ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിനെ പ്രകീർത്തിച്ച ബാലഗോപാൽ, . ജി.എസ്.ടി നഷ്ടപരിഹാരം, ധനകാര്യകമ്മിഷൻ അവാർഡ് എന്നിവയിലെ കേന്ദ്രവിവേചനത്തെയും കേന്ദ്ര വാക്സിൻ നയത്തെയും രൂക്ഷമായി വിമർശിച്ചു.

ആഴക്കടൽ വിവാദം:

തൊടാതെ തൊട്ട്

ആഴക്കടൽ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്ക് തീറെഴുതിയെന്ന്, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷമുയർത്തിയ വിമർശനത്തിനുള്ള മറുപടിയും ബഡ്ജറ്റ്പ്രസംഗത്തിലുണ്ട്. "ആഴക്കടൽ മത്സ്യബന്ധനം വിദേശട്രോളറുകൾക്ക് തുറന്ന് കൊടുത്തത് നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാരാണ്. ഇപ്പോഴത്തെ എൻ.ഡി.എ സർക്കാരാകട്ടെ തീരക്കടലിന് മേൽ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണാവകാശങ്ങളും കവരാൻ ശ്രമിക്കുന്നു. തീരക്കടലിലും ആഴക്കടലിലും ഖനനത്തിന് കോർപ്പറേറ്റുകൾക്ക് അനുവാദം നൽകുന്നു. ഇതിനെല്ലാം കടകവിരുദ്ധമാണ് ഇടതുനിലപാട്"- മന്ത്രി വ്യക്തമാക്കി.

തോട്ടവിള പരിഷ്കരണം

ഭൂപരിഷ്കരണത്തിനെതിരോ

ആസിയാൻ കരാറുണ്ടാക്കിയ ആഘാതം മറികടന്ന് തോട്ടം മേഖലയെ രക്ഷിക്കാൻ തോട്ടവിള വൈവിദ്ധ്യവത്കരണം ബഡ്ജറ്റിലുൾപ്പെടുത്തിയത് ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനതത്വം അട്ടിമറിക്കലാണെന്ന വിമർശനം പ്രതിപക്ഷമുയർത്തുന്നു. തോട്ടങ്ങളിൽ മാറ്റകൃഷി പ്രോത്സാഹിപ്പിക്കുമ്പോൾ ഭൂപരിഷ്കരണനിയമത്തിൽ കാതലായ മാറ്റമാവശ്യമായി വരും. ഒന്നാം പിണറായി സർക്കാരിൽ ചർച്ചയായ വിഷയമാണ് പുതിയ ബഡ്ജറ്റിൽ ഊന്നലോടെ വരുന്നത്.

20,000 കോടി പാക്കേജിൽ

അവ്യക്തതയെന്ന്

20,000കോടിയുടെ കൊവിഡ് പാക്കേജിൽ അവ്യക്തതയെന്നാണ് പ്രതിപക്ഷ വിമർശനം. ബഡ്ജറ്റിന്റെ വരവ് ചെലവ് കണക്കിൽ ഈ തുക കമ്മിയിനത്തിൽ കാണിക്കാത്തതിനെയാണവർ ചോദ്യം ചെയ്യുന്നത്. ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണമെത്തിക്കാൻ 8900കോടി നീക്കിവച്ചത് പൊള്ളത്തരമെന്നും ചൂണ്ടിക്കാട്ടുന്നു. റവന്യൂ കമ്മി നികത്തുന്നതിലെ ധനസഹായമായ 19,420 കോടിയിൽ നിന്ന് പാക്കേജിന് തുക കണ്ടെത്തിയാലും, പുതിയൊരു പ്രഖ്യാപനമാവുമ്പോൾ കമ്മിക്കണക്കിൽ ചേർക്കേണ്ടതല്ലെയെന്ന ചോദ്യത്തിന് ധനമന്ത്രി മറുപടി പറയേണ്ടി വരും..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUDJET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.