കൊച്ചി: കലിക്കറ്റ് സർവകലാശാലയുടെ ത്രിവത്സര എൽ.എൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പരീക്ഷ ഇന്നു തുടങ്ങും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷ ഓഫ്ലൈനായി നടത്തണമെന്നാവശ്യപ്പെട്ട് തൃശൂർ ഗവ. ലാ കോളേജ് വിദ്യാർത്ഥി ശ്രീകുമാർ വർമ്മ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കഴിഞ്ഞ ദിവസം സിംഗിൾബെഞ്ച് സെപ്തംബർ ഒമ്പതു മുതൽ നടക്കുന്ന പരീക്ഷ തടഞ്ഞത്. ഇതിനെതിരെ സർവകലാശാല നൽകിയ അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ ഉത്തരവ്.
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാനുള്ള സൗകര്യം ഒരുക്കിയിരുന്നെന്നും വാക്സിനെടുത്തവർ പരീക്ഷയെഴുതാൻ തയ്യാറെടുത്തിരിക്കുകയാണെന്നും സർവകലാശാല വാദിച്ചു. മുൻകൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകൾ ഇതോടൊപ്പം നടന്നു വരികയാണ്. കൊവിഡ് വ്യാപനം കഴിയും വരെ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും വാദിച്ചു. തുടർന്നാണ് പരീക്ഷയ്ക്ക് അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |