
പാലക്കാട്: സി.ബി.എസ്.ഇ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയത്തിൽ ഗുരുതരമായ ജാഗ്രതക്കുറവുണ്ടായതായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. അധികൃതരുടെ അനാസ്ഥ വിദ്യാർത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കും. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാനം ആവശ്യപ്പെടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുനർമൂല്യനിർണത്തിന് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. മൂല്യനിർണയത്തിലെ അപാകതകൾ കുട്ടികളുടെ ഭാവിയെ എത്രത്തോളം ബാധിക്കുമെന്ന് സി.ബി.എസ്.ഇ ബോർഡ് മനസിലാക്കുന്നില്ല. പരീക്ഷാ ഫലങ്ങളിൽ അപാകതകളുണ്ടെന്നാരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതികൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുനർമൂല്യനിർണയ നടപടികൾക്ക് കൂടുതൽ സമയം അനുവദിക്കേണ്ടതുണ്ട്.. സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ നിലവിലുള്ള സമയപരിധിക്കുള്ളിൽ എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കണമെന്നില്ല.
സ്‌കൂൾ തുറക്കുന്നതിന്
പാഠപുസ്തകങ്ങളെത്തിക്കും
ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് സർക്കാർ സ്‌കൂളുകളിൽ പാഠപുസ്തകങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. പുസ്തകങ്ങളുടെ അച്ചടിയിൽ ചില തടസങ്ങൾ നേരിട്ടിരുന്നെങ്കിലും , അതെല്ലാം പരിഹരിച്ച് അവസാന ഘട്ടത്തിലാണ്. പൂർണമായും അച്ചടിച്ച പുസ്തകങ്ങൾ ഡിപ്പോകളിലേക്ക് അയക്കും.മേയ് 30നകം എല്ലാ സ്‌കൂളുകളിലും പാഠപുസ്തകങ്ങൾ എത്തിക്കുമെന്ന് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി ഉറപ്പ് നൽകിയിട്ടുണ്ട്. ജൂൺ ഒന്നിന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ എല്ലാ ക്ലാസുകളിലേക്കും ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാകുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |