ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിൽ ഇനിയും പൂർത്തിയാവാനുള്ള ഇന്റേണൽ പരീക്ഷകൾ ഓൺലൈനായി നടത്താൻ സ്കൂളുകൾക്ക് നിർദേശം . 28നകം വിദ്യാർത്ഥികളുടെ ഇന്റേൺ, പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് സൈറ്റിൽ അപ്ലോഡ് ചെയ്യണം. 11ന് മുൻപ് അപ്ലോഡ് ചെയ്യാനായിരുന്നു നേരത്തേയുള്ള നിർദേശം.
മാറിയ സാഹചര്യത്തിൽ ഇന്റേണൽ പരീക്ഷ ഓൺലൈനായി നടത്താൻ അനുമതി നൽകിയതായി സിബിഎസ്ഇയുടെ സർക്കുലറിൽ പറയുന്നു. നടത്തേണ്ട പരീക്ഷകൾ, സമയം ,പുറത്ത് നിന്നുള്ള അദ്ധ്യാപകരെ എക്സിമിനറായി നിയമിക്കൽ തുടങ്ങിയ കാര്യങ്ങൾ സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. കോളേജുകളിലെ പ്രവേശനം കണക്കിലെടുത്ത് നടപടികൾ വേഗത്തിലാക്കും.
ഇന്റേണൽ പരീക്ഷ നടത്തേണ്ട വിഷയങ്ങളുടെ പട്ടിക സിബിഎസ്ഇ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. ഇന്റേണൽ അസസ്മെന്റിന് തിയറിക്കും പ്രാക്ടിക്കൽ പരീക്ഷയ്ക്കും പരമാവധി നൽകാവുന്ന മാർക്ക് സംബന്ധിച്ചും രൂപം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പകരം, ഇതുവരെയുള്ള പ്രകടനം വിലയിരുത്തി മാർക്ക് നൽകാനാണ് ആലോചിക്കുന്നത്. ഇതിനായി, 13 അംഗ കമ്മിറ്റിക്ക് കേന്ദ്രം രൂപം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |