വികസനം കൂടുമ്പോൾ പരിസ്ഥിതിയെ മറക്കരുത്:ഗവർണർ

Friday 15 March 2019 12:00 AM IST

തിരുവനന്തപുരം: വികസനത്തിനായി കൂടുതൽ അന്താരാഷ്ട്ര സ്ഥാപനങ്ങളെയും നിക്ഷേപകരെയും സംസ്ഥാനത്തേക്ക് ആകർഷിക്കുമ്പോൾ പരിസ്ഥിതി മേഖലയിൽ പ്രത്യാഘാതങ്ങളുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഗവർണർപി. സദാശിവം പറഞ്ഞു.

ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 2019ലെ ചേംബർ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപകർ കൂടുതലെത്തുമ്പോൾ വികസനങ്ങളുണ്ടാകും. അവർക്ക് സഹായം നൽകേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. അതുമായി ബന്ധപ്പെട്ട് ഒരു മുൻന്യായാധിപൻ എന്ന നിലയിൽ ജനങ്ങളോട് ഒരപേക്ഷയുണ്ട്. ഇവിടെ മുതൽമുടക്കുന്നവർ നിർമ്മാണം തുടങ്ങുമ്പോൾ നിയമകുരുക്കുകളിൽ പെടുത്തി ബുദ്ധിമുട്ടിക്കുന്ന ശീലം ഒഴിവാക്കണം. സ്ഥാപിതതാത്പര്യങ്ങൾ മുൻനിറുത്തി പൊതുതാൽപര്യഹർജികൾ നൽകുന്ന പ്രവണത ഇപ്പോൾ കൂടിവരികയാണ്. ഇവിടെ നിക്ഷേപം നടത്തുന്നവർ കേരളത്തിലുള്ളവർക്ക് തൊഴിൽ നൽകുന്നതിൽ ശ്രദ്ധിക്കണം. അതിന് അവർക്ക് സഹായകരമാകുന്ന തരത്തിൽ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളും ഉണ്ടാക്കുന്നതിൽ ചേംബർ പോലുള്ള വ്യവസായ വാണിജ്യ സമൂഹവും സർക്കാരും മനസ് വയ്ക്കണം. സ്മാർട്ട് സിറ്റി പദ്ധതികൾ നഗരത്തിന് പുതിയ കുതിപ്പ് നൽകും. ഗവർണർ പറഞ്ഞു.

ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ സുരേഷ് മാത്യു അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.ചേംബർ പ്രസിഡന്റ്.എസ്.എൻ .രഘുചന്ദ്രൻ നായർ സ്വാഗതവും സെക്രട്ടറി അബ്രഹാം തോമസ് നന്ദിയും പറഞ്ഞു.
യു.എ.ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, മലങ്കര കാത്തലിക് സഭ കർദ്ദിനാൾ മാർബസേലിയോസ് ക്ലീമിസ്, നിസാൻ ഓട്ടോമൊബൈൽ ലിമിറ്റഡ് കോർപറേറ്റ് വൈസ് പ്രസിഡന്റ് ടോണി തോമസ്, അദാനിപോർട്ട്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കരൺ അദാനിക്ക് വേണ്ടി രാജേഷ് ഝാ, ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്സ് ഇന്ത്യൻ റീജിയണൽ എം.ഡി. അജയ് പ്രസാദിന് വേണ്ടി ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ അനിൽ കുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA