കണ്ണൂർ: കൊച്ചി - മംഗളൂരു ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ ഭാഗമായി മലബാർ മേഖലയിൽ ഉൾപ്പെടെ ആറ് ജില്ലകളിലെ പ്രധാന നഗരപ്രദേശങ്ങളിലെ വീടുകളിൽ പൈപ്പ്ലൈനിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണിത്. അടുത്ത മാർച്ചോടെ ഇവിടങ്ങളിലെ കുറച്ചുഭാഗത്തുള്ള വീടുകളിൽ പൈപ്പിലൂടെ ഗ്യാസ് എത്തിത്തുടങ്ങും. എല്ലാ വീടുകളിലും ഗ്യാസ് എത്തിക്കാൻ വീണ്ടും സമയംവേണ്ടിവരും. ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്രൂപ്പുമാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മോട്ടോർ വാഹനങ്ങൾക്ക് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) വിതരണം ചെയ്യുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. വീടുകളിലേക്കുള്ള കണക്ഷന് ഒരിഞ്ച്, അര ഇഞ്ച് പോളിത്തീൻ പൈപ്പാണ് ഇടുന്നത്. ജില്ലകളിൽ സ്ഥാപിക്കുന്ന സിറ്റി ഗ്യാസ് സ്റ്റേഷനിലൂടെയായിരിക്കും വിതരണം. പൊതു പൈപ്പിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർ വരെ സൗജന്യമാണ്. ഉപയോഗിക്കുന്ന ഗ്യാസിന് മാത്രം വില നൽകിയാൽ മതി. 24 മണിക്കൂറും ഗ്യാസ് ലഭ്യമാകും. എൽ.പി.ജിയെക്കാൾ 30 ശതമാനത്തോളം വില കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |