SignIn
Kerala Kaumudi Online
Thursday, 25 April 2024 6.16 PM IST

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാരക പരിക്കേല്പിച്ചത് സി.പി.എം

cpi

തിരുവനന്തപുരം: പാർട്ടിയെ പിളർപ്പിലെത്തിച്ച് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാരകമായ പരിക്കേല്പിച്ചവർ സി.പി.എമ്മുകാരാണെന്നും വളരെ വൈകിയാണെങ്കിലും തെറ്റുകൾ തുറന്നു സമ്മതിക്കാൻ അവർ തയ്യാറാകണമെന്നും സി.പി.ഐ.

കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയാണ് സി.പി.ഐ എന്ന്, സി.പി.എം വാരികയായ ചിന്തയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് ഇന്നലെ പാർട്ടി വാരികയായ നവയുഗത്തിൽ 'തിരിഞ്ഞു കുത്തുന്ന നുണകൾ' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെ സി.പി.ഐ മറുപടി നൽകിയിരിക്കുന്നത്.

ഇന്ത്യൻ വിപ്ലവത്തിന്റെ പാത സംബന്ധിച്ച് സി.പി.ഐയിലെ ദീർഘകാല അഭിപ്രായ വ്യത്യാസങ്ങൾ ഉൾപാർട്ടി ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം പിളർപ്പിലെത്തിച്ച് പ്രസ്ഥാനത്തിന് പരിക്കേല്പിച്ചവരാണ് സി.പി.എം. അവരുടെ ആശയത്തിലെ പൊരുത്തക്കേടുകൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് കൈമുതലായി ലഭിച്ചതാണ്. സി.പി.ഐക്കെതിരെ ഹിമാലയൻ വിഡ്ഢിത്തങ്ങളാണ് ചിന്തയിൽ നിരത്തിയത്.

ലോകത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളെ സ്വന്തം പ്രഖ്യാപനത്തിനനുസരിച്ച് ഭിന്നിപ്പിക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നീക്കങ്ങളുടെ ഫലമായാണ് സി.പി.ഐ പിളർന്നത്. സി.പി.ഐ നേതൃത്വത്തെ ഡാങ്കോയിസ്റ്റ് ക്ലിക് തിരുത്തൽവാദികളെന്ന് ആദ്യം വിളിച്ചത് മാവോയിസ്റ്ര് നേതൃത്വമാണ്.

1962ൽ ഇന്ത്യയെ ചൈന ആക്രമിച്ചപ്പോൾ എതിർത്തെന്ന ഒറ്റക്കാരണത്താലാണ് സി.പി.ഐയെ അധിക്ഷേപിച്ചത്. വസ്തുതകളൊന്നും മനസ്സിലാക്കാതെ ചൈനീസ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെയും പ്രവർത്തനങ്ങളുടെയും സ്തുതിപാഠകരായി സി.പി.എം മാറി.

ചൈനീസ് ലൈനിൽ ആകൃഷ്ടരായി അരങ്ങേറിയ കൊലപാതക- അക്രമ പരമ്പരകൾക്ക് ഉത്തരവാദിത്വം പറയേണ്ടത് യഥാർത്ഥത്തിൽ സി.പി.എം അല്ലേ. ഇന്ത്യയിൽ നക്സൽബാരി പ്രസ്ഥാനം ഉടലെടുത്തതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ സി.പി.എമ്മിനാകുമോ? ചൈനീസ് സ്തുതിപാഠകരായി മാറുന്നത് ചരിത്രസത്യങ്ങൾക്ക് ചേർന്നതല്ല. ഇന്ത്യക്ക് നേരേ ചൈനീസ് നിലപാടിനെ ശരിവച്ച് സി.പി.എം കൗശലപൂർണമായ നിലപാടെടുത്തു.

സ്വന്തം സഖാക്കളെ വർഗവഞ്ചകരെന്ന് വിളിച്ചതിന്റെ പ്രതിസ്ഥാനത്ത് നിൽക്കുന്നത് മാർക്സിസ്റ്റ് പാർട്ടി നേതാക്കളാണ്. ചൈനീസ് യുദ്ധകാലത്ത് ജയിലിലടയ്ക്കപ്പെട്ടത് മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ മാത്രമല്ല. സി.ഉണ്ണിരാജ, ജെ.ചിത്തരഞ്ജൻ തുടങ്ങി 18 സി.പി.ഐ നേതാക്കൾ കേരളത്തിൽ ജയിലിലായിരുന്നു. ഇവരെ ഒറ്റിക്കൊടുത്തത് സി.പി.ഐക്കാരാണോയെന്നും നവയുഗം ചോദിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.