പദ്ധതിയെ എതിർക്കുന്നവരെല്ലാം ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സർവേയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലെ അതൃപ്തി പരസ്യമാക്കി സി.പി.ഐ. പദ്ധതിയെ എതിർക്കുന്നവരെയെല്ലാം ഇടതുപക്ഷത്തിന്റെ ശത്രുക്കളായി കാണാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ഇന്നലെ തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ പറഞ്ഞു.
കെ-റെയിലുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ സർക്കാർ തിരുത്തൽ വരുത്തേണ്ടതുണ്ട്. ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ ആശങ്കയുണ്ടാക്കുന്നു. ഉദ്യോഗസ്ഥർ എന്തിനാണ് ഇത്ര ധൃതി കാണിക്കുന്നത്? ആശങ്കകൾ പരിഹരിച്ചിട്ടേ സിൽവർലൈൻ പദ്ധതി നടപ്പാക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷത്തിൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാവൂ. ജനങ്ങളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണം. ആശങ്കകൾ അകറ്റിക്കൊണ്ട് സ്വപ്നപദ്ധതിയെന്ന നിലയിൽ വേണം ഇത് നടപ്പാക്കാൻ. എങ്കിൽ പ്രതിപക്ഷ നിലപാടിനെതിരെ ജനങ്ങൾ മുന്നോട്ടു വരും. ജനങ്ങളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാൻ എൽ.ഡി.എഫിന് സാധിക്കും. പദ്ധതി നേരിട്ട് ബാധിക്കുന്നവരെയും രാഷ്ട്രീയപ്രേരിതമായി രംഗത്ത് വരുന്നവരെയും രണ്ടായി കാണണം- പ്രകാശ്ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |