കോടികൾ വായപ് തരാം, വരൂ.. പരാതി നൽകിയാൽ ജീവൻ പോലും അപകടത്തിലാകും, തട്ടിപ്പ് സംഘം കേരളത്തിൽ പിടിമുറുക്കുന്നു

എ.പി.ജിനൻ | Friday 07 December 2018 2:05 PM IST

notes

തിരുവനന്തപുരം : കോടികൾ വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന തമിഴ്നാട് -തിരുനെൽവേലി സംഘം കേരളത്തിലും പിടിമുറുക്കുന്നു. തമിഴ്നാട്ടിലെ തെങ്കാശി, ശങ്കരൻകോവിൽ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. വൻ വ്യവസായം തുടങ്ങാനായും പൊളിഞ്ഞു പോയ വ്യവസാസം പുനഃരാരംഭിക്കുവാനുമായാണ് കോടികളുടെ വായ്പ വാഗ്ദാനം .കേരളം മുഴുവൻ ഇരകളെ പിടിക്കാൻ ഏജന്റുമാരെ വച്ചിട്ടുണ്ട്. പണം ആവശ്യമുള്ളവരെ ഏജന്റുമാർ മുഖേന കണ്ടെത്തും. പിന്നീട് വസ്തുവിന്റെ പ്രമാണത്തിന്റെ കോപ്പി, കുടിക്കടം, ലൊക്കേഷൻ, സ്കെച്ച് തുടങ്ങിയവ ആവശ്യപ്പെടും. എല്ലാ രേഖകളുമായി തമിഴ്നാട്ടിലെ തിരുനെൽവേലിയിലോ കുറ്റാലത്തോ എത്തുവാൻ പറയും. കൂടെ ഏജന്റും സംഘവും ഉണ്ടാകും. രേഖകൾ പരിശോധിച്ച ശേഷം ഇവിടെ നിന്നും വസ്തു പരിശോധിക്കാൻ വാല്യുവേറ്റർ എത്തുമെന്ന് അറയിപ്പ് നൽകും. വാല്യുവേറ്റർ എത്തിയാലും വസ്തു നോക്കിക്കാണാതെ തന്നെ വായ്പ ശരിയാക്കാൻ രണ്ടും മൂന്നും ലക്ഷം ആവശ്യപ്പെടും. ഇതാണ് തട്ടിപ്പിന്റെ ഒന്നാം ഘട്ടം.

ഇതൊക്കെ കഴിഞ്ഞാൽ വായ്പ വാങ്ങാനായി തമിഴ്നാട്ടിലെ ഏതെങ്കിലും കേന്ദ്രത്തിൽ എത്തുവാൻ ആവശ്യപ്പെടും. കാശ് വാങ്ങാൻ നിർബന്ധമായും കാറിൽ തന്നെ വരണം. വരുമ്പോൾ ഒരാൾ മാത്രമേ പാടുള്ളു. രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസ് നൽകണം. തിരുന്നെൽവേലിയിലെ ഏതാണ്ട് 17 രജിസ്ട്രേഷൻ ഓഫീസ് വഴി പണം ഇടപാടിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്രർ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ബാങ്കിലേക്ക് തുക കൈമാറുമെന്നാണ് കരാ‌ർ. ഇനിയാണ് തട്ടിപ്പ് നടക്കുന്നത്. വായ്പ ആവശ്യമുള്ളയാൾ കാശുമായെത്തിയെന്നറിഞ്ഞാൽ ആ കാറിനെ രജിസ്റ്റർ ഓഫീസിലേക്കാണെന്ന് പറഞ്ഞ് വഴി തിരിച്ച് വിട്ട് വിജനപ്രദേശത്ത് എത്തിച്ച് ഗുണ്ടകളുമായെത്തി പണം പിടിച്ചു വാങ്ങി സ്ഥലം വിടും. എതിർത്താൽ അപായപ്പെടുത്തുമെന്ന് ഉറപ്പാണ്. കാശുമായി എത്തുന്ന വാഹനത്തെ വിജന പ്രദേശത്ത് വച്ച് വഴി തിരിച്ചു വിട്ട ശേഷം ലോറിയോ മറ്റെന്തെങ്കിലും കൊണ്ടിടിച്ച് അപകടപ്പെടുത്തുകയാണ് മറ്റൊരു രീതി. അപകടത്തിൽപ്പെട്ട് മൃതപ്രായരായി കിടക്കുന്നവരുടെ കാശ് മോഷ്ടിച്ച് സംഘം സ്ഥലം വിടും

. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയ യുവാക്കൾ പാലക്കാട് -തമിഴ്നാട് അതിർത്തിയിൽ വാഹനാപകടത്തിൽപെട്ട് മരിക്കുന്ന സംഭവങ്ങൾ സ്ഥിരമായതോടെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായിട്ടുള്ളത്.പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ ജീവൻ പോലും അപകടത്തിലാകും. പൊലീസാകട്ടെ ഈ ഉയർന്ന രാഷ്ട്രീയ പിൻബലമുള്ള സംഘങ്ങൾക്കെതിരെ പരാതി പോലും സ്വീകരിക്കാറില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA