SignIn
Kerala Kaumudi Online
Friday, 29 March 2024 3.21 AM IST

വിട,​ ആര്യനക്ഷത്രം, ആയു‌ർവേദത്തിന്റെ പെരുമ ലോകത്തിന്റെ നെറുകയിലെത്തിച്ച ഡോ.പി.കെ.വാര്യർ വിടവാങ്ങി

kk

കോട്ടയ്ക്കൽ: ആയു‌ർവേദത്തിന്റെ പെരുമ ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപുണ്യം വിടവാങ്ങി...നൂറ് കോടി പ്രണാമങ്ങൾ...

ആയുർവേദ ചികിത്സയിൽ ഒരു യുഗം സ‌ൃഷ്ടിച്ച ആചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.പി.കെ.വാര്യർ ഒരു നൂറ്റാണ്ട് നീണ്ട ആയുസിന്റെ ധന്യതയിലാണ് വിടവാങ്ങിയത്. കൊവിഡാനന്തര ചികിത്സയ്ക്കു ശേഷം ആര്യവൈദ്യശാല നഴ്സിംഗ് ഹോമിൽ വിശ്രമത്തിൽ കഴിയവേ ശനിയാഴ്ച ഉച്ചയ്ക്ക് 12.25ഓടെ ആയിരുന്നു അന്ത്യം.

ജൂൺ എട്ടിനായിരുന്നു 100-ാം ജന്മദിനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പിറന്നാൾ ആഘോഷമില്ലായിരുന്നു. വൈകിട്ട് ആറരയോടെ നന്തയിൽ കുളമ്പിലെ കുടുംബശ്‌മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മകൻ ഡോ.ബാലചന്ദ്രൻ ചിതയ്‌ക്ക് തീകൊളുത്തി.

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകൾ മഹാആചാര്യന് അന്ത്യോപചാരം അർപ്പിക്കാനെത്തി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നേത്രദാനം നടത്തിയ ശേഷമായിരുന്നു അന്ത്യചടങ്ങുകൾ.

മാനേജിംഗ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം.വാരിയർ വിമാനാപകടത്തിൽ മരിച്ചതോടെ 1953ലാണ് പി.കെ.വാരിയർ ആര്യവൈദ്യശാലയുടെ തലപ്പത്തെത്തുന്നത്. അരനൂറ്റാണ്ടിലേറെ ആര്യവൈദ്യശാലയുടെ നെടുംതൂണായി. അതുല്യ സംഭാവനകൾ പരിഗണിച്ച് 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനവും സമർപ്പിച്ചു. കാലിക്കറ്റ്, എം.ജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ്,​ സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം തുടങ്ങി പി.കെ.വാരിയരെ തേടിയെത്തിയ ബഹുമതികൾ എണ്ണമറ്റതാണ്. ഇന്ത്യൻ ആയുർവേദ കോൺഗ്രസ് പ്രസിഡന്റ് അടക്കം ഉന്നതസ്ഥാനങ്ങളും അലങ്കരിച്ചു.

കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ,​ പരേതനായ കെ.വിജയൻ വാരിയർ,​ സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്‌മി,​ രതി വിജയൻ വാരിയർ,​ കെ.വി.രാമചന്ദ്രൻ വാരിയർ. സ്‌മൃതിപർവം എന്ന ആത്മകഥയ്ക്ക് 2007ലെ ചെറുകാട് അവാർഡ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

കോട്ടയ്ക്കലിൽ 1921ൽ തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറുമക്കളിൽ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാര്യർ എന്ന പി.കെ. വാരിയരുടെ ജനനം. ഇടവ മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ (ഇത്തവണ ജൂൺ 8). കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. എൻജിനീയർ ആവാൻ മോഹിച്ചെങ്കിലും കുടുംബത്തിന്റെ താത്പര്യം പരിഗണിച്ച് 1940ൽ കോട്ടയ്ക്കലിലെ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജിൽ വൈദ്യപഠനത്തിന് ചേർന്നു. 1942ൽ കോളേജ് വിട്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. വീടുവിട്ട് വിപ്ലവകാരിയായി മഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് ക്യാമ്പിലായിരുന്നു കുറേക്കാലം. പ്രധാന നേതാക്കളുമായെല്ലാം ഹൃദയബന്ധം സ്ഥാപിച്ചു. സജീവ രാഷ്ട്രീയമല്ല വൈദ്യമാണ് തന്റെ വഴിയെന്ന തിരിച്ചറിവിൽ വീണ്ടും പഠനമാരംഭിച്ചു. 24ാം വയസിൽ,​ പഠനം പൂർത്തിയാക്കും മുമ്പേ കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റ് ബോർഡംഗമായി. 1947ൽ ഫാക്ടറി മാനേജരായി. പിന്നീടങ്ങോട്ട് സംഭവബഹുലമായ ജീവിതം. വൈദ്യത്തെ പൊന്നാക്കി മാറ്റിയ വിശ്വപൗരനായി വളർന്നു.

നാനൂറ് കോടി വരുമാനം

ആര്യവൈദ്യശാലയുടെ വാർഷിക വരുമാനം ഒമ്പത് ലക്ഷത്തിൽ നിന്ന് 400 കോടി രൂപയ്ക്കു മുകളിലേക്കെത്തിച്ചതും അദ്ദേഹമാണ്. ധർമ്മാശുപത്രിയിലൂടെ പതിനായിരങ്ങൾക്ക് സൗജന്യ ചികിത്സയേകി. കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അദ്ധ്യക്ഷനുമായി. വ്യക്തിജീവിതത്തിലെ തെളിമയും ചിട്ടയും ആർജ്ജവവും പി.കെ.വാരിയരുടെ വിജയത്തിന് മാറ്റുകൂട്ടി.

അമ്മാവൻ വൈദ്യരത്നം പി.എസ്.വാരിയരെ പോലെ നിപുണനായ വൈദ്യനുമായിരുന്നു പി.കെ.വാരിയർ. കോട്ടയ്ക്കലിന്റെ പ്രശസ്തി കടൽ കടന്നതോടെ യൂറോപ്പ്,​ അമേരിക്ക,​ ഗൾഫ് നാടുകളിൽ നിന്നടക്കം നിരവധി പേർ ചികിത്സയുടെ പുണ്യം അറിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.