തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന്റെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത ചികിത്സാപ്പിഴവിന് ന്യായീകരണമില്ലെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഇത്തരം ചികിത്സാപ്പിഴവുകൾ സർക്കാർ ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ഉണ്ടായിട്ടുണ്ട്. അത് പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇത്തരം സാഹചര്യങ്ങളിൽ കർശന നടപടി സ്വീകരിക്കും. കോഴിക്കോട് ചികിത്സയിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചതാണ്. എന്നാൽ സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീർക്കാനുള്ള വ്യാപകശ്രമങ്ങൾ നടക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിൽ അഞ്ചും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ പന്ത്രണ്ടും മരണങ്ങളാണ് ചികിത്സാ പിഴവുകാരണം സംഭവിച്ചത്. ഇപ്പോൾ ഇത്തരം കേസുകൾ ഗണ്യമായി കുറഞ്ഞു. കൈയ്യിൽ നിന്നും കാശെടുത്ത് രോഗിയെ വീട്ടിലെത്തിക്കുന്ന ഡോക്ടർമാർ നമ്മുടെ സർക്കാർ സംവിധാനത്തിലുണ്ട്. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സർക്കാർ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും വീണ പറഞ്ഞു.
പേര് മാറ്റിയെങ്കിലും പണം
ലഭിച്ചില്ല: മന്ത്രി വീണ
തിരുവനന്തപുരം : കേന്ദ്രനിർദ്ദേശപ്രകാരം കോബ്രാൻഡിംഗിന്റെ ഭാഗമായി വിവിധ ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്നാക്കിയെങ്കിലും 2024 - 25 സാമ്പത്തിക വർഷത്തിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡു പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വീണാജോർജ് നിയമസഭയെ അറിയിച്ചു. 6903 സ്ഥാപനങ്ങളിൽ കോബ്രാൻഡിംഗ് സാദ്ധ്യമായ 6298ൽ 6147 എണ്ണത്തിന്റെയും പേരുമാറ്റി.കേന്ദ്ര വിഹിതം മുടങ്ങിയതോടെ ആശാവർക്കർമാരുടെ ഇൻസെന്റീവ്, രോഗികൾക്കുള്ള സൗജന്യ പരിശോധന, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് , 108 ആംബുലൻസുകളുടെ പ്രവർത്തനം തുടങ്ങിയ പദ്ധതികളെല്ലാം സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിൽ സൃഷ്ടിച്ചത്
8,366 തസ്തികകൾ : മന്ത്രി വീണ
തിരുവനന്തപുരം : 2016 മുതൽ ഇതുവരെ ആരോഗ്യമേഖലയിൽ 8,366 തസ്തികകൾ സൃഷ്ടിച്ചെന്ന് മന്ത്രി വീണാജോർജ് നിയമസഭയെ അറിയിച്ചു. ആരോഗ്യവകുപ്പിൽ 3725 തസ്തികകളും ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ 4641 തസ്തികകളുമാണ് സൃഷ്ടിച്ചത്. 2011 മുതൽ 2016 വരെ ആകെ 3,751 തസ്തികകളാണ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സൃഷ്ടിച്ചത്. ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ 1129 തസ്തികകളും ആരോഗ്യവകുപ്പിൽ 2622 തസ്തികകളും മാത്രമായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |