തിരൂരങ്ങാടി: കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡിൽ ഞായറാഴ്‌ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തലപ്പാറ വലിയപറമ്പ് ചാന്ത് അഹമ്മദ്കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാഷിറിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. തിരച്ചിലിൽ അപകടസ്ഥലത്തിന് ഇരുനൂറുമീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഞായറാഴ്ച രാത്രി മുതൽ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇന്ന് രാവിലെ ഇട്ടിങ്ങലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാറാണ് എതിരെവന്ന മുഹമ്മദ് ഹാഷിറിന്റെ സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹാഷിർ ശക്തമായ ഒഴുക്കുള്ള തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നോമ്പുതുറയ്ക്കുള്ള സാധനങ്ങളും വാങ്ങി വീട്ടിലേക്ക് വരുമ്പോഴായിരുന്നു മുഹമ്മദ് ഹാഷിർ അപകടത്തിൽപ്പെട്ടത്.
തിരൂരങ്ങാടി പൊലീസും, ഫയർഫോഴ്സും, ചാലിയത്തെയും കടലുണ്ടി നഗരത്തിലെയും മത്സ്യത്തൊഴിലാളികളും പരിസര പ്രദേശങ്ങളിലെ മുങ്ങൽ വിദഗ്ദ്ധരും , സന്നദ്ധ സംഘടനാംഗങ്ങളും ഒഴുക്കിനെയും പൊന്തക്കാടുകളെയും വകവയ്ക്കാതെയായിരുന്നു തിരച്ചിൽ നടത്തിയത്. ഇന്ന് രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തിയിരുന്നു.ഇതിനിടെയാണ് ഹാഷിറിന്റെ മൃതദേഹം ലഭിച്ചത്.
മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്നുവൈകിട്ടോടെ തലപ്പാറ വലിയപറമ്പ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും. മാതാവ് : ശരീഫ. സഹോദരങ്ങൾ : അബ്ദുറഹിമാൻ, ആശിഫ, അഫീദ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |